റിസ്‌ക്കില്ലെങ്കിൽ ഇലപ്പള്ളി വെള്ളച്ചാട്ടം സൂപ്പറാകും

മൂലമറ്റം വേനൽ മഴയിൽ ഇലപ്പള്ളി വെള്ളച്ചാട്ടം കുളിരായി പതഞ്ഞൊഴുകുകയാണ്. വറ്റിത്തുടങ്ങിയിരുന്ന വെള്ളച്ചാട്ടം പുനർജീവിച്ചതോടെ സഞ്ചാരികളുടെയും ഒഴുക്ക് തുടങ്ങി. മൂലമറ്റത്തുനിന്നും മൂന്ന് കിലോമീറ്റർ ദൂരെ വാഗമൺ റോഡരികിലാണ് ഇലപ്പള്ളി വെള്ളച്ചാട്ടം. മൂലമറ്റം, -പുള്ളിക്കാനം സംസ്ഥാന പാതയിലൂടെ വാഗമൺ, തേക്കടി സന്ദർശിക്കാൻ പോകുന്നവരും ഇവിടെ ഇറങ്ങിയിരിക്കും. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പകർത്താനും ഫോട്ടോ എടുക്കാനും വലിയ തിരക്കാണ്. കാര്യം ഇതൊക്കെയാണെങ്കിലും സുരക്ഷയില്ലാത്തതിന്റെ പ്രശ്‍നമുണ്ട്. പാറക്കെട്ടുകൾക്ക് ഇടയിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ മോഹം തോന്നുമെങ്കിലും സഞ്ചാരികൾ റിസ്‍ക് എടുക്കാൻ തയാറല്ല. പലരും ദൂരെനിന്ന് ആസ്വദിച്ച് മടങ്ങുകയാണ്. കൂടുതൽ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികൾ വെള്ളച്ചാട്ടത്തിന് അടുത്ത് പോകാറുണ്ടെങ്കിലും വഴുക്കലുള്ള പാറക്കെട്ടിൽ തെന്നിവീഴാറുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വെള്ളത്തിൽ ഇറങ്ങരുത് എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അപകടരഹിതമായി വെള്ളത്തിലിറങ്ങാൻ ആവശ്യമായ സംവിധാനം ഒരുക്കാൻ വിനോദസഞ്ചാര വകുപ്പ് തയാറാകണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നടപ്പാത നിർമിച്ചാൽ അപകടമില്ലാതെ വെള്ളച്ചാട്ടത്തിന് അടുത്തെത്താം. കൈവരികളും സ്ഥാപിക്കണം. ഇത്രയുമായാൽ വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ എണ്ണം പലമടങ്ങ് വർധിച്ചേക്കും. 100 മീറ്ററിലേറെ ഉയരത്തിൽനിന്ന് തട്ടുകളായി പാറയിലൂടെ വെള്ളം താഴേക്കു പതിക്കുന്ന കാഴ്‍ച അതിമനോഹരമാണ്. വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനോ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനോ അധികൃതർ ശ്രമിക്കുന്നില്ല.
0 comments