തൊടുപുഴ ഫെസ്റ്റ് 2കെ25

വിജ്ഞാനവും വിനോദവും ഇവിടെ സം​ഗമിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 19, 2025, 12:11 AM | 1 min read

തൊടുപുഴ

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഇടവേളകളില്ലാത്ത ദിനങ്ങളിലേക്ക് ചുവടുവയ്‍ക്കാൻ തൊടുപുഴ. എം ജിനദേവൻ സ്‍മാരക പഠന ​ഗവേഷണ കേന്ദ്രവും വെങ്ങല്ലൂർ നേച്ചർ ഫ്രഷ് ഫാർമർ പ്രൊഡ്യൂസർ സൊസൈറ്റിയും ചേർന്ന് അണിയിച്ചൊരുക്കുന്ന കാർഷിക വിപണന പ്രദർശന മേള ‘തൊടുപുഴ ഫെസ്റ്റ് 2കെ25’ന് ഇനി ഏഴുനാൾ മാത്രം. കാർഷിക മേഖലയിലെ പുതുചലനങ്ങൾ മനസിലാക്കാനും അറിവുകളുടെ കൊടുക്കൽ വാങ്ങലുകൾക്കും വേദി തയ്യാറാകുകയാണ്. 25 മുതൽ ഫെബ്രുവരി രണ്ടുവരെ തൊടുപുഴ ലിസ് ​ഗ്രൗണ്ടിലാണ് ഫെസ്റ്റ്. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയിൽ തൊടുപുഴയുടെ പ്രാധാന്യം വലുതാണ്. കാർഷിക ഉൽപ്പന്നങ്ങളുടെയും കൃഷി അധിഷ്‍ഠിത മൂല്യവർധിത ഉൽപന്നങ്ങളുടെയും മികച്ച വിപണിയാകും മേള. 25ന് വൈകിട്ട് മൂന്നിന് മന്ത്രി വി എൻ വാസവൻ ഫെസ്റ്റ് ഉദ്ഘാടനംചെയ്യും. എം ജിനദേവൻ സ്‍മാരക പഠന ​ഗവേഷണ കേന്ദ്രം കൺവീനർ എം ജെ മാത്യു അധ്യക്ഷനാകും. പി ജെ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി കാർഷികവിള പ്രദർശനം ഉദ്ഘാടനംചെയ്യും. രാഷ്‍ട്രീയ, സാംസ്‍കാരിക രം​ഗത്തെ പ്രമുഖർ പങ്കെടുക്കും. ആശയങ്ങളേറെ ഇടുക്കി മഹോത്സവത്തിൽ ഉയർന്ന ആശയങ്ങളുടെ ക്രോഡീകരണമായ ഇടുക്കിയുടെ ചരിത്ര പുസ്‍തകം 26ന് വൈകിട്ട് അഞ്ചിന് ജോൺ ബ്രിട്ടാസ് എംപി പ്രകാശിപ്പിക്കും. മന്ത്രി റോഷി അ​ഗസ്റ്റിൻ ഏറ്റുവാങ്ങും. കോർഡിനേറ്റർ സി വി വർ​ഗീസ് അധ്യക്ഷനാകും. നൂതന ആശയങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള വേദിയാകും ഫെസ്റ്റ്. വിദ്യാർഥി ഫെസ്റ്റ്, സ്‍ത്രീപക്ഷ ചിന്തകളുണർത്തി വനിതാ സം​ഗമം, ‘കാർഷിക മേഖലയും മൂല്യവർധിത ഉൽപന്നങ്ങളും’ സെമിനാർ, പുതുമയുടെ കാലത്തെ അടയാളപ്പെടുത്താൻ സോഷ്യൽ മീഡിയ മീറ്റ്, യുവജന–-സംരഭകത്വ സം​ഗമം, ജില്ലയിലെ സാഹിത്യലോകത്തെ ഒരുവേദിയിലെത്തിച്ച് ഇടുക്കി സാ​ഹിത്യസം​ഗമം, കവിയരങ്ങ്, കഥയരങ്ങ് തുടങ്ങിയവ വിവിധ ദിവസങ്ങളിൽ തൊടുപുഴയ്‍ക്ക് അറിവ് പകരും. പ്യുവർ എന്റർടെയ്ൻമെന്റ് അറിവിനൊപ്പം വിനോദവും തൊടുപുഴ ഫെസ്റ്റ് സമ്മാനിക്കും. 26 മുതൽ എല്ലാദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ ന​ഗരത്തിന് മിഴിവേകും. ​ഗായിക സിത്താര കൃഷ്‍ണകുമാർ, പ്രസീത ചാലക്കുടി, കവി മുരുകൻ കാട്ടാക്കട, കൊച്ചിൻ മൻസൂർ തുടങ്ങിയവരുടെ സാന്നിധ്യം കണ്ണിനും കാതിനും ഇമ്പമേകും. ഫെസ്റ്റ് എല്ലാവർഷവും തുടരും.



deshabhimani section

Related News

0 comments
Sort by

Home