ദിശാബോധം പകർന്ന് സെമിനാർ

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഏലപ്പാറയിൽ സംഘടിപ്പിച്ച സെമിനാർ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jan 17, 2025, 11:51 PM | 2 min read
ഏലപ്പാറ
സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി ഏലപ്പാറയിൽ നടന്ന സെമിനാർ തേയില തോട്ടം മേഖലയ്ക്ക് ദിശാബോധം പകർന്നു. ‘തേയില വ്യവസായ പ്രതിസന്ധിയും പുനരുദ്ധാരണ നിർദ്ദേശങ്ങളും' എന്ന വിഷയത്തിൽ വ്യാപാരി ഭവൻ ഹാളിൽ നടന്ന സെമിനാർ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ അധ്യക്ഷനായി. കർഷകർ, തോട്ടംതൊഴിലാളികൾ, പ്ലാന്റേഷൻ ഉടമകൾ, വ്യാപാരി-വ്യവസായികൾ തുടങ്ങിയവരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രതിസന്ധികൾ ചർച്ചയായി തേയില തോട്ടം മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ടും പ്ലാന്റേഷനുമായി ബന്ധപ്പെട്ടും നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നു. 50,000ൽ അധികം പേർ തൊഴിൽ ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് 15,000ൽ താഴെ മാത്രം തൊഴിലാളികളാണുള്ളത്. കേന്ദ്ര സർക്കാരുകളുടെ ആഗോളവൽക്കരണ സാമ്പത്തിക നയവും തൊഴിലാളി വിരുദ്ധ സമീപനവും പ്രതികൂലമായി ബാധിച്ചു. മേഖലയിലെ മൂന്നിലൊന്ന് തോട്ടങ്ങൾ പൂട്ടി. 45 ഓളം തോട്ടങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നിലനിൽക്കുന്നത് 20 മാത്രം. കമ്പനികൾക്കുണ്ടായ പ്രതിസന്ധി തൊഴിലാളികളെയും ബാധിച്ചു. പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ശമ്പള കുടിശികയും ലഭിക്കാത്ത സ്ഥിതിയുണ്ട്. അവരുടെ ജീവിതനിലവാരവും ഉയർത്താൻ ആവുന്നില്ല. തോട്ടം ഉടമകൾക്ക് വ്യവസായത്തെ നവീകരിക്കാൻ കഴിയാത്ത പ്രതിസന്ധിയുണ്ട്. രാജമാണിക്യം കമീഷൻ റിപ്പോർട്ടടക്കം പ്രതികൂലമായി ബാധിച്ചു. മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിൽ യോജിക്കാത്ത അവസ്ഥയും സ്ഥിതി വഷളാക്കുന്നു. കാലാവസ്ഥ വ്യതിയാനവും റീപ്ലാന്റിങ് നടത്താൻ അനുവദിക്കാത്തതും ഉൽപ്പാദനം കുറയാൻ കാരണമാകുന്നുണ്ട്. വേണം നവീകരണം തോട്ടംപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ മേഖലയിലും മാറ്റം ഉണ്ടാവണം. തൊഴിലാളികളുടെ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാൻ പുതിയ കാലത്തിനനുസരിച്ച് മാറണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.അടച്ചുറപ്പുള്ള വീടുകൾ എല്ലാവർക്കുമുണ്ടാകണം. മാനേജ്മെന്റ്--–തൊഴിലാളി യൂണിയനുകൾ യോജിച്ചുപ്രവർത്തിക്കണം, കേന്ദ്ര സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും ലഭ്യമാക്കണം, റീപ്ലാന്റിങ് അനുവദിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് മോഡറേറ്ററായി. ആർ തിലകൻ വിഷയമവതരിപ്പിച്ചു. സിടിപി എ ചെയർമാൻ സാം രാജ്, ബഥേൽ പ്ലാന്റേഷൻ എം ഡി തോമസ് മാത്യു, യുടിയുസി പ്രതിനിധി ജി ബേബി, സിഐടിയു പ്രതിനിധി എം തങ്കദുരൈ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ്, ഏരിയ സെക്രട്ടറിമാരായ എസ് സാബു, എം ടി സജി എന്നിവർ പങ്കെടുത്തു. കെ ടി ബിനു സ്വാഗതവും എം ജെ വാവച്ചൻ നന്ദിയും പറഞ്ഞു.
Related News

0 comments