കുമളിയിൽ ഇനി പൂക്കാലം

thekkadi pushpamela

തേക്കടി പുഷ്പമേളക്കായി വിവിധയിനം ചെടികൾ ക്രമീകരിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 29, 2025, 03:24 AM | 1 min read

കുമളി പതിനേഴാമത് തേക്കടി പുഷ്പമേള വെള്ളിയാഴ്ച കുമളിയിൽ തുടങ്ങും. തേക്കടി കവല കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള മേള വൈകിട്ട് ആറിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനാകും. കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. അവധിക്കാലം കുടുംബസമ്മേതം ഉല്ലസിക്കാനും ആസ്വദിക്കാനുമുള്ള പരിപാടികളാണ് പുഷ്‌പമേളയിൽ ക്രമീകരിച്ചിരിക്കുന്നത്. സ്വദേശിയും വിദേശിയുമായ 200ൽപരം ഇനങ്ങളിലായി ഒരു ലക്ഷത്തോളം പൂച്ചെടികളാണ് മുപ്പതിനായിരം ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ മണ്ണാറത്തറ ഗാർഡൻസ് മേളയിൽ സജ്ജീകരിക്കുന്നത്. മേളയിൽ പ്രായഭേദമെന്യേ പങ്കെടുക്കാവുന്ന വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും യുവജനങ്ങൾക്കും സൗന്ദര്യമത്സരം, വീട്ടമ്മമാർക്കായി പാചകമത്സരം, വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ ഉണ്ടാകും. ജില്ലാ സംസ്ഥാന തലങ്ങളിൽ കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി പ്രതിഭാ സംഗമം സംഘടിപ്പിക്കും. വിജയികൾ അവരുടെ മത്സര ഇനങ്ങൾ വേദിയിൽ അവതരിപ്പിക്കും. എല്ലാ ദിവസവും വെെകിട്ട നൃത്തസന്ധ്യകൾ, ഗാനമേളകൾ, നാടൻ കലാപരിപാടികൾ എന്നിവ അരങ്ങേറും. വിവിധ റൈഡുകൾ ഉൾപ്പെടുന്ന അമ്യൂസ്മെന്റ്‌ പാർക്കും ക്രമീകരിച്ചിട്ടുണ്ട്. വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച അടുക്കളത്തോട്ടത്തിന് സമ്മാനം നൽകും. വിദ്യാർഥികളിലും യുവജനങ്ങളിലും മദ്യം, -മയക്കുമരുന്നുകളുടെ അമിത സ്വാധീനത്തിനെതിരെ വിപുലമായ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിക്കും. മാലിന്യപ്രശ്‌നവും ചർച്ചചെയ്യും. ടൂറിസം രംഗത്ത് തേക്കടി നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് സെമിനാർ നടത്തും. 70 രൂപയാണ് പ്രവേശനഫീസ്. ഏഴുവയസുവരെയുള്ള കുട്ടികൾക്ക്‌ സൗജന്യമാണ്‌. മേള ഏപ്രിൽ 24ന്‌ സമാപിക്കും.



deshabhimani section

Related News

0 comments
Sort by

Home