Deshabhimani

നാൻ റോബോ ഡാ...

shekku haandum'

സ്റ്റാർട്ടപ് മിഷൻ പവലിയനിൽ റോബോട്ടിക് ഡോഗിനെ കൗതുകത്തോടെ വീക്ഷിക്കുന്ന സന്ദർശകർ

വെബ് ഡെസ്ക്

Published on May 02, 2025, 01:38 AM | 1 min read

ഇടുക്കി ഓടും ചാടും ഇരുകാലിൽ നിൽക്കും.. എന്തിന്‌, യഥാർഥ നായയെ പോലെ ‘ഷേക്ക്‌ ഹാൻഡും’ നൽകും. ‘യെവനാള്‌ കൊള്ളാം’– കാണാനെത്തിയവർക്കെല്ലാം ഒരേസ്വരം. ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ സന്ദർശകർക്ക്‌ കൗതുകക്കാഴ്‌ചയാവുകയാണ്‌ ‘പെൻ’ എന്ന റോബോടിക്‌ ഡോഗ്‌. സ്റ്റാർട്ടപ്പ്‌ മിഷൻ ഒരുക്കിയിട്ടുള്ള പവലിയനിലാണ്‌ യന്ത്രനായ ആകർഷണമാകുന്നത്‌. റിമോട്ട്‌ കൺട്രോളിലാണ്‌ ഇതിന്റെ പ്രവർത്തനം. യുണീക്ക്‌ വേൾഡ്‌ റോബോടിക്‌സാണ്‌ ഇതിന്റെ നിർമാതാക്കൾ. റോബോ ഡോഗിന്‌ കൈകൊടുക്കാനും സെൽഫിയെടുക്കാനും കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേരാണ്‌ തിരക്കുകൂട്ടുന്നത്‌. ദുരന്തനിവാരണം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ റോബോടിക്‌ ഡോഗ്‌ പുതിയ സാധ്യതകളാണ്‌ തുറന്നിടുന്നത്‌. കരസേന നിലവിൽ യന്ത്രനായയെ പ്രയോജനപ്പെടുത്തുന്നുണ്ട്‌. അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങളിലും ഇത്‌ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനാകും. ഭാവിയിൽ, ധൈര്യമായി റോബോ ഡോഗിനെ വീടേൽപ്പിച്ച്‌ പോകാനുമാകും. ഇതുകൂടാതെ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഐറിസ്‌ എന്ന യന്ത്രമനുഷ്യനും(ഹ്യൂമനൈഡ്‌ റോബോട്ട്‌) കാർഷിക മേഖലയിൽ മുതൽക്കൂട്ടാകുന്ന ഡ്രോണുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്‌. സാങ്കേതികവിദ്യാധിഷ്‌ഠിതമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്റ്റാർട്ടപ്പ്‌ മിഷന്റെ സ്റ്റാൾ പ്രവർത്തിക്കുന്നത്‌. ഉൽപ്പന്ന സംരംഭങ്ങൾ, സർവീസ്‌ സംരംഭങ്ങൾ തുടങ്ങിയവയിലെല്ലാം ആവശ്യമായ മാർഗനിർദേശം നൽകാനും സഹായിക്കാനും വകുപ്പിന്‌ കഴിയും. പുതുതലമുറയെ സാങ്കേതികവിദ്യയ്‌ക്കൊപ്പം ജീവിക്കാനും നൂതന സംരഭ സാധ്യതകളും സ്റ്റാർട്ടപ്പ്‌ മിഷൻ പരിചയപ്പെടുത്തുന്നുണ്ട്‌. മേളയിലും ‘ഗിബ്‌ളി’ ട്രെൻഡ്‌ സമൂഹമാധ്യമങ്ങളിൽ ‘ട്രെൻഡി’ങ്ങായ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ‘ഗിബ്‌ളി’ ചിത്രങ്ങളും ഇവിടെ തത്സമയം നിർമിച്ചുനൽകും. ഒറ്റയ്‌ക്കോ സംഘമായോ എത്തുന്നവർ ക്യാമറയ്‌ക്കുമുമ്പിൽ പോസ്‌ ചെയ്യുകയേ വേണ്ടൂ. നിമിഷങ്ങൾക്കകം ചിത്രം റെഡി. ഇതുകൂടാതെ നിർമിതബുദ്ധിയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുന്ന വിവിധ ഇനങ്ങളും ഇവിടെയുണ്ട്‌. വരികൾ കൊടുത്ത്‌ സംഗീതത്തിന്റെ ‘മൂഡും’ നിർദേശിച്ചാൽ പാട്ട്‌ റെഡി. കൂടാതെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണം, ചിത്ര–-വീഡിയോ എഡിറ്റിങ്‌, വോയ്‌സ്‌ ചേഞ്ചിങ്‌ എന്നിവയെല്ലാം പരിചയപ്പെടുത്തുന്നുണ്ട്‌



deshabhimani section

Related News

View More
0 comments
Sort by

Home