ഇത് മാർഗരേഖ, മാതൃക

കുട്ടിക്കാനം മലയോര ജില്ലയായ ഇടുക്കിയുടെ വികസനവേഗം കൂട്ടാനുള്ള അതിഗൗരവമായ ഇടപെടലുകൾ നടത്തുന്ന പുരോഗമന പ്രസ്ഥാനത്തിന് വിദഗ്‌ധരുടേയും പൊതുസമൂഹത്തിന്റേയുമെല്ലാം അഭിനന്ദനം. അന്താരാഷ്‌ട്ര പഠന കോൺഗ്രസിന്റെ ഭാഗമായി എം ജിനദേവൻ പഠനഗേവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനത്ത് രണ്ട് ദിനങ്ങളിലായി നടന്ന സെമിനാർ രാഷ്‌ട്രീയ വ്യത്യസങ്ങൾക്കുമപ്പുറമുള്ള പൊതു ചർച്ചാവേദിയായിമാറി. ഒപ്പം വികസന മാർഗരേഖയും മാതൃകയും. മറ്റൊരു പ്രസ്ഥാനത്തിനും സംഘടിപ്പിക്കാനാവാത്ത വിധം വേറിട്ടതാവുകയും ചെയ്‌തു. പ്രബന്ധാവതരണങ്ങൾക്കും ആഴത്തിലും പരപ്പിലുമുള്ള ചർച്ചകൾക്കുംശേഷം നിർദേശങ്ങൾ ക്രോഡീകരിച്ചു. വിഷയങ്ങളെ പശ്ചിമഘട്ടം, പ്ലാന്റേഷൻ, വനം, ഇടുക്കി പാക്കേജ് എന്നിങ്ങനെ നാലായി തിരിച്ച് ഡോ. അജയകുമാർ വർമ, ഡോ. ജി എസ് അജിത് കുമാർ, ഡോ. ബി എം അനിൽ കുമാർ, ഡോ. കുഞ്ഞാമു എന്നിവർ ക്രോഡീകരണം നടത്തി. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട 11 സെഷനുകളിലായി 56 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുടിയേറ്റ ഫലമായുണ്ടായ തുടർപ്രവർത്തനങ്ങളിൽ ശാസ്ത്രീയ മാനദണ്ഡങ്ങൾ വിനിയോഗം, കാർഷിക ടൂറിസം മേഖലയിൽ അഗ്രോ ടൂറിസ്റ്റ് നെറ്റ് വർക്ക് പദ്ധതിയിലൂടെ അഞ്ച് വിഭാഗം സംരംഭങ്ങളുടെ സാധ്യതകൾ, ഫിൻലൻഡിലെ ഗ്രീസ് സ്പേസിന്റെ ജില്ലയിലെ സാധ്യതകൾ, ആദിവാസി മേഖലയിലെ ഔഷധ മൂല്യവർധനം, വിളവൈവിധ്യവൽക്കരണം, പശ്ചിമഘട്ട ജലവിനിയോഗത്തിൽ പഞ്ചായത്തുകൾക്ക് ചെയ്യാനാവുന്നത് തുടങ്ങിയവയെ സംബന്ധിച്ച നിർദേശങ്ങൾ ചർച്ചകളിൽ ഉയർന്നു. തേയില, കാപ്പി, കുരുമുളക്, ഏലം തോട്ടം മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, മൂല്യവർധനം, സാങ്കേതിക വിദ്യ, മൂലധന നിക്ഷേപം, വൈവിധ്യവൽക്കരണം എന്നിവയെ സംക്ഷിപ്തമാക്കി അവതരിപ്പിച്ചു. ഇടുക്കി പാക്കേജിലൂടെ ജില്ലയുടെ സുസ്ഥിര വികസനത്തിന് ഓരോ വർഷവും 75 കോടി രൂപ വീതം ലഭിക്കുന്നു. ഇതുവരെ പദ്ധതിയുടെ 74 ശതമാനം ലഭിച്ചു. 9014 കോടി രൂപ ഇതുവരെ ചെലവഴിച്ചു. പദ്ധതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സെമിനാറുകളിൽ ക്രിയാത്മക ചർച്ചകളും പരിഹാര നിർദേശങ്ങളും ഉയർന്നു. ഇടുക്കിയിലെ ജനത നേരിടുന്ന പ്രധാന പ്രതിസന്ധികൾക്കുള്ള പരിഹാരം തേടുന്നതായി ദ്വിദിന സെമിനാർ. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രം കോ ഓർഡിനേറ്റർ എം ജെ മാത്യു അധ്യക്ഷനായി. ഡോ. ടി എം തോമസ് ഐസക്ക്, എം എം മണി എംഎൽഎ, സംഘാടക സമിതി ചെയർമാൻ സി വി വർഗീസ്, മരിയൻ കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ ഫാ. തോമസ് എരബഹാം ഞള്ളിയിൽ, ഫാ. അജോ പേരുകാട്ടിൽ, ജനറൽ കൺവീനർ ആർ തിലകൻ, മാത്യൂ വർഗീസ്, ഗോപി വൈദ്യൻ, പി എസ് രാജൻ എന്നിവർ സംസാരിച്ചു. അക്കാദമിക് സമിതി കൺവീനർ എസ് എസ് നാഗേഷ് സ്വാഗതവും അക്കോമഡേഷൻ ഉപസമിതി ചെയർപേഴ്‌സൺ എസ് സാബു നന്ദിയും പറഞ്ഞു.
0 comments