സഞ്ചാരികളുടെ മനംമയക്കുമീ ഉച്ചിലികുത്ത്‌

sanchaarikalude parudeesa

ഉച്ചിലികുത്ത്‌

വെബ് ഡെസ്ക്

Published on Mar 16, 2025, 02:50 AM | 1 min read

ശാന്തൻപാറ സാഹസിക സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിൽ അധികമാരും ചെന്നെത്തിയിട്ടില്ലാത്ത ഒരിടമാണ്‌ ഉച്ചിലികുത്ത്‌. ‘മോസ്റ്റ്‌ അണ്ടർറേറ്റഡ്‌ ട്രക്കിങ്‌ സ്‌പോട്ട്‌’ എന്ന്‌ പറഞ്ഞുകേട്ടറിഞ്ഞ്‌ ഉച്ചിലികുത്ത്‌ നടന്നുകയറിയവരൊക്കെ പറയുന്നു. ചതുരംഗപ്പാറയും മീശപ്പുലിമലയും കള്ളിപ്പാറയും ഉൾപ്പെടെയുള്ള സാഹസിക സഞ്ചാരികളുടെ ‘ബക്കറ്റ്‌ ലിസ്റ്റി’ലേക്ക്‌ ഉച്ചിലികുത്ത്മേടും ഇടംപിടിച്ചുകഴിഞ്ഞു. ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിക്ക് സമീപമാണ്‌ ഉച്ചിലികുത്ത് സ്ഥിതിചെയ്യുന്നത്‌. സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 5500 അടിക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ഉച്ചിലികുത്ത് പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. മലമുകളിൽനിന്നുള്ള തമിഴ്നാടൻ കാർഷികമേഖലയുടെ കാഴ്‌ചകളാണ്‌ പ്രധാന ആകർഷണം. കാറ്റും മഞ്ഞും ആസ്വദിക്കുന്നതിനൊപ്പം സൂര്യോദയ–-അസ്‌തമയ കാഴ്‌ചകളും കണ്ണും കരളും നിറയ്‌ക്കും. കുമളി–മൂന്നാർ റോഡിൽനിന്ന്‌ എട്ട്‌ കിലോമീറ്റർ ഓഫ്റോഡായി സഞ്ചരിച്ചാൽ ഇവിടെയെത്താം. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്‌. യാത്ര ‘സാഹസിക’മെങ്കിലും സുരക്ഷാമുൻകരുതലുകൾ വേണം. കാട്ടിലൂടെയുള്ള ട്രക്കിങ്ങിൽ മലയണ്ണാൻ, ചിത്രശലഭങ്ങൾ, മാനുകൾ, വിവിധങ്ങളായ പക്ഷികൾ, കുരങ്ങുകൾ എന്നിവയെയും കാണാം. പണ്ട്‌ തമിഴ്നാട്ടിലേക്ക് നടന്നുപോകാനുള്ള കാനനപാതയും ഇതുവഴി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. സാഹസിക വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ വലിയ സാധ്യതകളാണ്‌ ഉച്ചിലികുത്ത്‌മേട്‌ തുറന്നിടുന്നത്‌. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ സാധ്യമാക്കിയാൽ ഇവിടം ടൂറിസം മേഖലയ്‌ക്ക്‌ കരുത്തുപകരുമെന്നുറപ്പ്‌.



deshabhimani section

Related News

0 comments
Sort by

Home