പുതുവേഗം, നവ പാതകൾ

ഇടുക്കി വികസന വിപ്ലവത്തിന്റെ മുന്നേറ്റക്കുതിപ്പിൽ പുത്തനധ്യായം രചിച്ച നവപാതകൾ, അതാണ് എൽഡിഎഫ് സർക്കാരിന്റെ കാലം ഇടുക്കിക്ക് സമ്മാനിച്ചത്. ഇടുക്കിയിലെ റോഡുകളിലേക്ക് കണ്ണോടിച്ചാൽ മാറ്റങ്ങളുടെ മഹാപർവം കാണാം. മലമടക്കുകളിൽക്കിടയിലൂടെ നീണ്ടുവളയുന്ന റോഡുകളെല്ലാം ഉന്നതനിലവാരത്തിലെത്തി. ജില്ല രൂപംകൊള്ളുമ്പോൾ ഗതാഗത യോഗ്യമായ മൂന്നോ നാലോ റോഡുകൾ മാത്രമായിരുന്നു ജില്ലയിലുണ്ടായിരുന്നത്. എന്നാലിപ്പോൾ എല്ലാ പഞ്ചായത്തുകളെയും താലൂക്കുകളെയും ബന്ധിപ്പിച്ച് ഇതര ജില്ലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും സുഗമമായി യാത്രചെയ്യാവുന്ന രാജ്യാന്തര നിലവാരത്തിലുള്ള പാതകൾ ജില്ലയിൽ യാഥാർഥ്യമായി. പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം 2000 കോടിയോളം രൂപയുടെ റോഡ് വികസനമാണ് ജില്ലയിലുണ്ടായത്. പുതിയതും നവീകരിച്ചതുമായി 3000 കിലോ മീറ്ററിലേറെ റോഡ് വികസനം സാധ്യമാക്കി. പിഡബ്ല്യൂഡി, കെആർഎഫ്‌ബി, കെഎസ്‌ടിപി എന്നിവയുടെ പ്രവർത്തനങ്ങളോടെയാണ് മലയോര ഹൈവേ ഉൾപ്പെടെയുള്ള റോഡുകളുടെ നിർമാണം പൂർത്തിയായത്. ചപ്പാത്ത് മുതൽ കട്ടപ്പനവരെയുള്ള രണ്ടാംറീച്ച് അവസാനഘട്ടത്തിലാണ്. ലോകോത്തര നിലവാരമുള്ള പാതയാണ് പുളിയൻമല-–കുട്ടിക്കാനം മലയോര ഹൈവേ സമ്മാനിച്ചത്. 88കോടി ചെലവഴിച്ച് കുട്ടിക്കാനം-–ചപ്പാത്ത് ഒന്നാംഘട്ടം 2023 ജൂണിൽ പൂർത്തിയായിരുന്നു.
0 comments