വാ, പൊറോട്ടേം മുട്ടേം കഴിക്കാം

ഷാജി കടയിൽ
തൊടുപുഴ വിറകടുപ്പിൽ തിളയ്‍ക്കുന്ന മുട്ടക്കറിയും അടിച്ചുപരത്തി മൊരിച്ചെടുക്കുന്ന പൊറോട്ടയും ഒരു സ്‍ട്രോങ് ചായയും. നെടിയശാലയ്‍ക്കടുത്ത് പുതുപ്പരിയാരംകാരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ മെനു. നാട്ടുകാരനായ കാനാട്ട്‍മലയിൽ ഷാജി പതിറ്റാണ്ടുകളായി ഇവിടെ രുചി വിളമ്പാൻ തുടങ്ങിയിട്ട്, കൃത്യമായി പറഞ്ഞാൽ 35 വർഷം. ഷാജിയുടെ സന്തോഷവും ഈ രുചിയൊരുക്കൽ തന്നെ. വീട്ടിൽതന്നെ ഉണ്ടാക്കുന്ന ചേരുവകൾ ചേർത്ത് വിഭവങ്ങളുണ്ടാക്കുന്ന ലഘുഭക്ഷണശാല. പൊറോട്ടയ്‍ക്ക് പുറമേ അപ്പം, ദോശ, ഇഡലി, വെജിറ്റബിൾ കറി, സാമ്പാർ തുടങ്ങി സാധാരണ മലയാളിയുടെ ബ്രേക്ക്ഫാസ്റ്റാണ് ഷാജിയുടെ കടയിൽ. പഴംപൊരി, ഉഴുന്നുവട, ഉള്ളവട, ബോണ്ട, സുഖിയൻ തുടങ്ങിയ ചെറുകടികളും സുലഭം. ആവശ്യക്കാരേറെയുള്ളത് പൊറോട്ട–-മുട്ടക്കറി കോംബോയ്‍ക്കാണ്. രാവിലെ നാലിന് തുറക്കുന്ന കട 12 വരെയാണ് പ്രവർത്തനം. അപ്പോഴേക്കും ഈ പറഞ്ഞതെല്ലാം വിറ്റുതീരും. രാത്രി മാവ് തയാറാക്കിവച്ച് കറിക്കുള്ളതും അരിഞ്ഞുവയ്‍ക്കും. രാവിലെ വീട്ടിൽ തന്നെയാണ് പാചകം. വിറകടുപ്പായതുകൊണ്ട് തന്നെ രുചി അൽപ്പം മുന്നിലാണ്. 10 രൂപയാണ് ചെറുകടികൾക്ക്. പൊറോട്ട, അപ്പം, ദോശ തുടങ്ങിയവയ്‍ക്ക് 12 രൂപയും. ഭാര്യ വിജയയാണ് ഷാജിക്കൊപ്പമുള്ളത്. രുചിയൊരുക്കൽ അല്ലാതെ തനിക്ക് മറ്റ് പണികൾ വശമില്ലെന്നും ഇതിൽ തന്നെ തുടരാനാണ് ഇഷ്‍ടമെന്നും ഷാജി പറയുന്നു. കരളിൽ വെള്ളംകെട്ടുന്ന അസുഖ ബാധിതനാണ് ഷാജി. ആരോഗ്യപ്രശ്നങ്ങൾ കാരണം കട മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന് അഭിപ്രായം ഉയർന്നപ്പോഴും ഷാജി തുടരാൻ തന്നെ തീരുമാനിച്ചു. തന്റെ കടയിൽ രാവിലെ ഭക്ഷണം കഴിക്കാനെത്തുന്ന കുറച്ചുപേരുണ്ട്, അവരെ നിരാശപ്പെടുത്താൻ കഴിയില്ലെന്നും ഷാജി പറയുന്നു.
0 comments