Deshabhimani

ഇടുക്കിയുടെ ചരിത്രം തൊട്ടറിയാം

monuments toorisam
വെബ് ഡെസ്ക്

Published on May 16, 2025, 04:09 AM | 2 min read

ഇടുക്കി ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ്‌(മൈഗ്രേഷൻ മോണുമെന്റ്സ് ടൂറിസം വില്ലേജ്) ശനിയാഴ്‌ച നാടിന്‌ സമർപ്പിക്കും. രാവിലെ 10.30ന് ഇടുക്കി പാർക്കിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. ‘ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോ ഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ് ഇടുക്കി’ പദ്ധതി ഹിൽ വ്യൂ പാർക്കിലും ഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാനപദ്ധതിയോട് ചേർന്ന് അഞ്ച്‌ ഏക്കറിലാണ് വില്ലേജ് ഒരുക്കിയത്. 10 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019ലാണ് അനുമതി നൽകിയത്. ഒന്നാംഘട്ടമായി അനുവദിച്ച മൂന്ന്‌ കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. മലബാറിൽനിന്നും തിരുവിതാംകൂറിൽനിന്നും ഇടുക്കിയുടെയും കോട്ടയത്തിന്റെയും താഴ്‌ന്ന പ്രദേശങ്ങളിൽ നിന്നുമെല്ലാമെത്തി ജീവിതം കരുപ്പിടിപ്പിച്ച കുടിയേറ്റ കർഷകരുടെ ജീവിതചരിത്രത്തിന്റെ നേർക്കാഴ്‌ചകളിലേക്കാണ്‌ വില്ലേജ്‌ വാതിൽതുറക്കുന്നത്‌. കുടിയേറ്റ ചരിത്രത്തിന്റെ അനാവരണം 36.5 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന കുടിയേറ്റ കർഷകന്റെ രൂപമാണ് സ്‌മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെനിന്നും കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നുകയറിയാൽ ആറിടങ്ങളിലായി വിവിധ ശിൽപ്പങ്ങളോടുകൂടിയ കാഴ്ചകൾ കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കർഷക കുടിയേറ്റത്തിന്റെയും കുടിയിറക്കുകളുടെയും ചരിത്രമാണിവിടെ അനാവരണം ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെ ജീവിത ചിത്രീകരണം ഏകവർണ നിറത്തിലുള്ള ഉയർന്ന ശിൽപ്പങ്ങളിലൂടെയും ഇൻസ്റ്റലേഷനുകളിലൂടെയും വില്ലേജിൽ ഒരുക്കിയിട്ടുണ്ട്‌. കോൺക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിർമിച്ചിരിക്കുന്നത്. എ കെ ജിയും ഫാദർ വടക്കനും ഗ്രാമങ്ങളും കാർഷികവൃത്തിയും ഉരുൾപൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്‌മാരക മ്യൂസിയവും അതോടൊപ്പം കോഫി ഷോപ്പുമുണ്ട്. പാളത്തൊപ്പിയണിഞ്ഞ കർഷകന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്ന ശിൽപ്പത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേയ്‌ക്കുള്ള പ്രവേശനം. കുടിയിറക്കിനെതിരായി നടന്ന ശക്തമായ സമരത്തിൽ കർഷകർ കണ്ണികളായിരുന്നു. ഇതോടൊപ്പം എ കെ ജി കർഷകരോട് സംവദിക്കുന്ന കാഴ്ചയുമുണ്ട്‌. സമരത്തിന് നേതൃത്വം നൽകിയ എ കെ ജി അന്ന് പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്നു. ഇതോടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും കുടിയിറക്ക് സമരങ്ങൾ ശ്രദ്ധിക്കാനിടയായി. എ കെ ജിയുടെ ചുരുളി-–കീരിത്തോട്ടിലെ നിരാഹാരം അവസാനിപ്പിക്കാൻ നെഹ്റു ഇടപെടുകയും ചെയ്തു. ഇതിന്റെ ദൃശ്യാവിഷ്‌കാരവും വില്ലേജിലുണ്ട്‌. ജനങ്ങളോട് സംസാരിക്കുന്ന ഫാദർ വടക്കനെയും കാണാം. വന്യമൃഗങ്ങളുടെ ആക്രമണങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിൻതലമുറക്കാരുടെ ഓർമകൾ വരച്ചുകാണിക്കുന്ന രൂപങ്ങളുമുണ്ട്. ചെണ്ടകൊട്ടിയും തീപന്തം കാണിച്ചും കാട്ടാനകളെ കൃഷിയിടങ്ങളിൽനിന്നും വാസസ്ഥലങ്ങളിൽനിന്നും ഓടിക്കുന്ന കാഴ്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൃഷിയും പ്രകൃതി ദുരന്തങ്ങളും കുടിയേറ്റ കാലത്തെ കൃഷിരീതികൾ വിവരിക്കുന്ന ദൃശ്യമാണ് മറ്റൊരു ആകർഷണീയത. കപ്പയും നെല്ലുമാണ് ആദ്യം കൃഷി ചെയ്തത്. കലപ്പ ഉപയോഗിച്ച് നിലം ഒരുക്കുന്നതും നെല്ല് വിതയ്ക്കുന്നതുമൊക്കെ ദൃശ്യവത്‌ക്കരിച്ചിട്ടുണ്ട്‌. പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെട്ട ജനതയുടെ അനുഭവമാണ് അടുത്ത ദൃശ്യത്തിൽ. ഉരുൾപൊട്ടി മരിച്ചവരുടെ മൃതദേഹത്തിനരികിൽ ഇരിയ്ക്കുന്ന സ്ത്രീ, ഉരുണ്ടുപോയ കല്ലുകൾ, രക്ഷാപ്രവർത്തനം നടത്തുന്ന ജനങ്ങൾ, തെരച്ചിൽ നടത്തുന്നവർ, കടപുഴകിയ മരങ്ങൾ, തകർന്നുപോയ വീടുകൾ, നായ്ക്കളും പൂച്ചകളും തുടങ്ങി ദുരന്തമുഖത്തിന്റെ നേർകാഴ്ചകളും ഒരുക്കിയിട്ടുണ്ട്‌. എല്ലാ ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ചു ജനങ്ങൾ ഇവിടെ ജീവിതം ആരംഭിച്ചതിന്റെ മാതൃകയാണ് അവസാനത്തെ സ്‌മാരകം. വീടുകൾ, വ്യാപാരത്തിനായി കാളവണ്ടിയിൽ പോകുന്നവർ, പശുത്തൊഴുത്ത്, കലപ്പയുമായി പോകുന്ന കർഷകൻ, ഉരൽ ഉപയോഗിക്കുന്ന സ്ത്രീ, കളിക്കുന്ന കുട്ടി തുടങ്ങി വിവിധതരം കാഴ്ചകൾ കാണാം. കൂടാതെ പാതയോരങ്ങളിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉദ്യാനവും, കുട്ടികൾക്കായി പാർക്കും ആരംഭിക്കും. ഇനി ഫോട്ടോ ഫ്രെയിമുകളുടെ മനോഹാരിതയും ‘ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ് ഇടുക്കി' എന്ന പദ്ധതിക്ക്‌ 2022ലാണ് ടൂറിസം വകുപ്പ് 38,17,116 രൂപയുടെ ഭരണാനുമതി നൽകിയത്. രാമക്കൽമേട്‌, പാഞ്ചാലിമേട്, വാഗമൺ സാഹസിക ഉദ്യാനം, ഹിൽവ്യൂ പാർക്ക്, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമൺ മൊട്ടക്കുന്ന് എന്നിവിടങ്ങളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home