ദുരന്തപ്രതികരണത്തിന്റെ പാഠങ്ങൾ പകർന്ന് മോക്ഡ്രിൽ

ഇടുക്കി ചേലച്ചുവട് ബസ് സ്റ്റാൻഡിലേക്ക് സൈറൺ മുഴക്കി ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകൾ, ഫയർ എൻജിനുകൾ. രക്ഷാപ്രവർത്തനത്തിന് സർവസജ്ജമായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, റാപ്പിഡ് റെസ്‌പോൺസ് ടീം, മെഡിക്കൽ ടീം, പൊലീസ്, ജനപ്രതിനിധികൾ. ആദ്യം ജനങ്ങളിൽ ആശങ്കയും അമ്പരപ്പുമാണുണ്ടായതെങ്കിലും അടിയന്തര സാഹചര്യം നേരിടാൻ പര്യാപ്തരാക്കുന്ന മോക് ഡ്രിൽ ആണെന്ന അനൗൺസ്‌മെന്റ് വന്നതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. ജനങ്ങളും ബസ് കാത്തുനിന്നവരും മോക്ക് ഡ്രില്ലിന്റെ ഭാഗമായി. ചേലച്ചുവട് ടൗണിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. അസംബ്ലി പോയിന്റ് ചേലച്ചുവട് ബസ് സ്റ്റാൻഡ് പരിസരവും ദുരന്തബാധിത മേഖല ചേലച്ചുവട് ലൈബ്രറി ഹാൾ പ്രദേശവും ഷെൽട്ടർ ക്യാമ്പ് ചുരുളി സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളുമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ദുരന്ത ബാധിതരെ ഷെൽട്ടർ ക്യാമ്പിലാക്കി. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതും ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും മോക് ഡ്രില്ലിൽ ഉൾപ്പെടുത്തി. അടിയന്തരഘട്ടങ്ങളെ നേരിടാൻ സജ്ജരായിരിക്കുകയെന്ന സന്ദേശം നൽകി കിലയുടെ ആഭിമുഖ്യത്തിലാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. വണ്ണപ്പുറം, വെള്ളിയാമറ്റം, കരിമണ്ണൂർ, ഉടുമ്പന്നൂർ, ആലക്കോട്, കുടയത്തൂർ, അറക്കുളം, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി എന്നീ 11 പഞ്ചായത്തുകൾക്കായാണ് തദ്ദേശഭരണ സ്ഥാപനതല ഉരുൾപൊട്ടൽ പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം നടത്തിയത്. ചുരുളി സെന്റ് തോമസ് പാരിഷ്ഹാളിൽ സംഘടിപ്പിച്ച പൊതുയോഗം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി തഹസിൽദാർ റാം ബിനോയി അധ്യക്ഷനായി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു, വെള്ളിയാമറ്റം, പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിയാസ്, കഞ്ഞിക്കുഴി പഞ്ചായത്തംഗം സോയിമോൻ, കില ഡയറക്ടർ പി ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങി നിരവധിപേർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.
0 comments