ബിസിനസ് പങ്കാളിയെ കൊന്ന സംഭവം
ദ്രുതഗതിയിൽ അന്വേഷണം

മുഹമ്മദ് അസ്‍ലമിനെയും ജോമിൻ കുര്യനെയും കലയന്താനി ചെത്തിമറ്റത്ത് ദേവമാതാ കാറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണില്‍ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍
തൊടുപുഴ നാടിനെ നടുക്കിയ തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും മൃതദേഹം ഒളിപ്പിക്കലും നടന്നത് മൂന്നു മണിക്കൂറിനുള്ളിൽ. വ്യാഴം പുലർച്ചെ അഞ്ചോടെയാണ് കോലാനിക്ക് സമീപത്തുനിന്ന് ബിജുവിനെ ഒന്നാംപ്രതിയും വ്യാപാര പങ്കാളിയുമായിരുന്ന ജോമോനും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ജോമോന്റെ ബന്ധുവിന്റെ വാനാണ് ഉപയോഗിച്ചത്. ബിജുവിന്റെ സ്‍കൂട്ടറിന് മുന്നിൽ വാൻ നിർത്തിയശേഷം ബലപ്രയോഗത്തിലൂടെ ഉള്ളിൽ കയറ്റി. ബിജു നിലവിളിച്ചപ്പോൾ രണ്ടാംപ്രതി ആഷിക് ജോൺസൺ തലയിലും കഴുത്തിലും ചവിട്ടിപ്പിടിച്ചു. ഇതിനിടെയാണ് കൊല്ലപ്പെട്ടത്. തുടർന്ന് പ്രതികൾ കലയന്താനി ചെത്തിമറ്റത്തുള്ള ദേവമാത കാറ്ററിങ് ഗോഡൗണിലെത്തി മൃതദേഹം മാലിന്യക്കുഴിയിലെ മാൻഹോളിൽ തള്ളുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആറുലക്ഷം രൂപയ്‍ക്കായിരുന്നു ക്വട്ടേഷൻ. 12,000 രൂപ ഗൂഗിൾ പേ ചെയ്‍തു. ബാക്കി കൃത്യം നടത്തിയശേഷം നൽകാമെന്നുമായിരുന്നു ധാരണ. ഒരു രാത്രിക്കുള്ളിൽ പ്രതികൾ പിടിയിൽ പൊലീസിന്റെ ജാഗ്രതയോടെയുള്ള നീക്കത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയത് ഒരു രാത്രിക്കുള്ളിൽ. വെള്ളി പകലാണ് ബിജുവിന്റെ ഭാര്യ മഞ്ജു പരാതി നൽകിയത്. സംശയമുള്ള രണ്ടുപേരുകളും പറഞ്ഞിരുന്നു. ഒരാൾ മുഖ്യപ്രതി ജോമോനും മറ്റൊരാൾ മുട്ടം സ്വദേശിയുമായിരുന്നു. ഫോൺ നമ്പറുകൾ നിരീക്ഷിച്ചപ്പോൾ ജോമോന്റെ രണ്ട് നമ്പറും ഓഫായിരുന്നു. മുട്ടം സ്വദേശിയുടെ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നു. വെള്ളി രാത്രി ഒമ്പതോടെ തൊടുപുഴ എസ്ഐ എൻ എസ് റോയിയും സംഘവും ജോമോന്റെ നാട്ടിലെത്തി. ഈ സമയം അവിടെയെത്തിയ ജോമോന്റെ ബന്ധുവിനെ ചോദ്യംചെയ്തു. ഇയാൾ 25,000 രൂപ ജോമോന് ഗൂഗിൾ പേ ചെയ്‍തെന്ന് കണ്ടെത്തി. പുതിയ ഫോൺ വാങ്ങാൻ ജോമോൻ പറഞ്ഞിട്ടാണ് പണം അയച്ചത്. തുടർന്ന് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം ജോമോനും സംഘവും കടന്നുകളഞ്ഞെന്ന് ഇയാൾ പറഞ്ഞു. മൃതദേഹം എന്തുചെയ്‍തെന്ന് ഇയാൾക്കറിയില്ലായിരുന്നു. ആലുവയിലേക്ക് ജോമോൻ ബന്ധുവിനെ വിളിക്കാൻ ഉപയോഗിച്ച നമ്പറുകൾ പരിശോധിച്ചതോടെ ഇയാൾ ആലുവയിലുണ്ടെന്ന് വ്യക്തമായി. എസ്ഐ എൻ എസ് റോയിയുടെ നേതൃത്വത്തിൽ 10 പേരുടെ സംഘം ആലുവയിലെത്തി. റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ ദേവമാത കാറ്ററിങ്ങിന്റെ വാഹനം കണ്ടെത്തി. ജോമോൻ വാഹനത്തിൽ ഉറങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മറ്റുള്ളവർ എറണാകുളം നെട്ടൂരിലുണ്ടെന്ന് പറഞ്ഞു. നെട്ടൂരിലെ ലോഡ്ജിൽനിന്നാണ് മുഹമ്മദ് അസ്‌ലം, ജോമിൻ കുര്യൻ എന്നിവരെ പിടികൂടിയത്. പിന്നീടാണ് മൃതദേഹം മാലിന്യക്കുഴിയിൽ തള്ളി കോൺക്രീറ്റ് ചെയ്‍തെന്ന് വ്യക്തമായത്.
0 comments