കാരിക്കോട്–-തെക്കുംഭാഗം റോഡിന് ശാപമോക്ഷം നൽകി എൽഡിഎഫ് സർക്കാർ

തൊടുപുഴ കാൽനട യാത്രപോലും അസാധ്യമായ ഒരു കാലമുണ്ടായിരുന്നു കാരിക്കോട്–-തെക്കുംഭാഗം റോഡിന്. ബസുകൾ സർവീസ് നിർത്തി. അടുത്ത പട്ടണത്തിലെത്താൻ പ്രദേശവാസികൾ പെടാപ്പാട് പെട്ടിരുന്ന കാലം. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ തങ്ങളുടെ ദുരിതയാത്ര അവസാനിപ്പിക്കാൻ അധികൃതരുടെ കനിവിനായി കാത്തിരുന്ന നാളുകൾ. ആ ദുരിതകാലത്തിന് അറുതിവരുത്തിയ എൽഡിഎഫ് സർക്കാരിനോട് ആവോളം നന്ദി പറയുകയാണ് ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗം പ്രദേശത്തെ ജനതയൊന്നാകെ. 4.14 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ കാരിക്കോട് മുതൽ മലങ്കര ഗേറ്റിങ്ങൽവരെ നാല് കിലോമീറ്റർ റോഡാണ് ഒന്നാംഘട്ടമായി പുനർനിർമിച്ചത്. തെക്കുംഭാഗം–-അഞ്ചിരി റോഡിന്റെ ഭാഗമായ മലങ്കര ഗേറ്റിന് സമീപം അപകടാവസ്ഥയിലായ പാലം പുനർനിർമിക്കാനും പിഡിബ്ല്യുഡി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പാലം പണി പൂർത്തിയാകുന്നതോടെ കാഞ്ഞാർ വരെ ആധുനിക നിലവാരത്തിൽ ബാക്കിഭാഗം കൂടി പൂർത്തീകരിക്കാനാണ് പദ്ധതി തയാറാക്കുന്നത്. ഇതോടൊപ്പം മൂന്നാംഘട്ടമായി കാഞ്ഞിരമറ്റം–-തെക്കുംഭാഗം റോഡും പൂർത്തിയാകുന്നതോടെ കല്ലാനിക്കൽ ജങ്‌ഷൻ പതിൻമടങ്ങ് വികസിക്കും. ഗതാഗത യോഗ്യമല്ലാതായി കിടന്ന റോഡിന്റെ ശാപമോക്ഷത്തിന് പിന്നിൽ ബഹുജന നേതാക്കളുടെ ഇടപെടലാണ് ഫലം കണ്ടത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, തൊടുപുഴ ഈസ്‌റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, തെക്കുംഭാഗം ലോക്കൽ സെക്രട്ടറി ടി എം മുജീബ്, ആലക്കോട് ലോക്കൽ സെക്രട്ടറി പി ജെ രതീഷ്, ഏരിയ കമ്മിറ്റിയംഗംങ്ങളായ ഷീല ദീപു, തോമസ് വർക്കി എന്നിവരാണ് പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി നിവേദനം നൽകിയത്. സിപിഐ എം നേതാക്കൾക്കൊപ്പം കല്ലാനിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. കുര്യക്കോസ് കൊടകല്ലേലും റോഡിനായി കൈകോർത്തു.
0 comments