ഉപ്പുതറ കാക്കത്തോട്ടില്‍ വീണ്ടും കാട്ടാന: വന്‍ കൃഷിനാശം

ഉപ്പുതറ കാക്കത്തോട്ടിൽ കൃഷിയിടത്തിലെ വിളകൾ കാട്ടാന നശിപ്പിച്ചനിലയിൽ
കട്ടപ്പന ഹാങ്ങിങ് ഫെൻസിങ് പ്രവർത്തനരഹിതമായതോടെ ഉപ്പുതറ കാക്കത്തോട്ടിൽ കാട്ടാന ഇറങ്ങി കൃഷിനാശമുണ്ടാക്കി. തിങ്കൾ രാത്രി മണ്ണൻചേരിൽ ജോണി ജോസഫ്, എം ഒ ഇമ്മാനുവേൽ എന്നിവരുടെ പുരയിടങ്ങളിലെ വാഴ, തെങ്ങ്, കമുക്, കുരുമുളക്, കപ്പ തുടങ്ങിയ വിളകൾ നശിപ്പിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും കാട്ടാന ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ജോണിയുടെ വീട്ടുമുറ്റംവരെ ആന എത്തി. നായകളുടെ കുര കേട്ടുണർന്ന ജോണി പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്. സിപിഐ എം പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനൊടുവിലാണ് രണ്ടാഴ്ചമുമ്പ് ഹാങ്ങിങ് ഫെൻസിങ് പ്രവർത്തിപ്പിച്ചുതുടങ്ങിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശവാസി വേലി കൂട്ടിക്കെട്ടി പ്രവർത്തനരഹിതമാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും കാട്ടാന ജനവാസ മേഖലയിൽ എത്തിയത്.
0 comments