Deshabhimani

ചുരുളി കീരിത്തോട് സമര പോരാളി 
കാർലോസിന് നാടിന്റെ അന്ത്യാഞ്ജലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 22, 2025, 03:54 AM | 1 min read

ചെറുതോണി

നിയമസഭചരിത്രത്തിൽ സ്ഥാനം പിടിച്ച ചുരുളി–-കീരിത്തോട് സമരത്തിന്റെ ധീരപോരാളി കാർലോസിന് നാടിന്റെ അന്ത്യാഞ്ജലി. വാഴത്തോപ്പ് ഹോളി ഫാമിലി പള്ളിയിൽ രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാരുടെ സാന്നിധ്യത്തിൽ സംസ്കാരം നടന്നു. അവസാനശ്വാസം വരെ ഒരു കമ്യൂണിസ്റ്റായി ജീവിച്ച കാർലോസിന് പിന്തുണയുമായി ഭാര്യ മോനിക്കയും ഒപ്പമുണ്ടായിരുന്നു. കാർലോസിന് അന്ത്യചുംബനം നൽകുമ്പോൾ മോനിക്കയ്ക്കും മകൾ ജയിലമ്മയ്ക്കെുമൊപ്പം നാടും വിതുമ്പി. 1972 കാലഘട്ടത്തിൽ ചുരുളി–- കീരിത്തോട് കുടിയിറക്കു സമരവുമായി ബന്ധപ്പെട്ട് പൊലീസ് ക്രൂര മർദനത്തിനിരയാക്കി. ഈ ദമ്പതികളെ മുവാറ്റുപുഴ സബ് ജയിലിലടക്കുമ്പോൾ മോനിക്ക പൂർണ ഗർഭിണിയായിരുന്നു. ജയിലിൽ ഇവർ പ്രസവിച്ച കുഞ്ഞിനെ എ കെ ജി ജയിലിലെത്തി കണ്ടു. എ കെ ജി അവളെ ‘ജയിലമ്മ’ എന്നു വിളിച്ചു. എന്നാൽ ആ പേരു തന്നെ കിടക്കട്ടെ എന്നുമാതാപിതാക്കളും തീരുമാനിച്ചു. അഞ്ചുപതിറ്റാണ്ടുകൾക്ക് മുമ്പ് കാർലോസിന്റെ കൈപിടിച്ച് ഉപ്പുതോട്ടിൽനിന്നും മോനിക്ക കീരിത്തോട്ടിലെത്തുമ്പോൾ കയറിക്കിടക്കാൻ ഒരു കൂരപോലുമില്ലായിരുന്നു. തലചായ്ക്കാൻ ഒരു തുണ്ടു ഭൂമിക്കുവേണ്ടി കുടിയേറി കുടിൽ കെട്ടിയ ഇവരടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തുജയിലിലടച്ചു. കാർലോസ് പാർടി നിർദ്ദേശാനുസരണം ഒളിവിൽ പോയി പെരിയാറിന്റെ മറുകരയിൽ ഒളിച്ചു താമസിച്ചു. കാർലോസിനെ 22 സിആർപി പൊലീസുകാർ പിടികൂടി. ഒരു പൊലീസുകാരനൊഴികെ ബാക്കി 21 പേരും ക്രൂരമായി മർദ്ദിച്ചതായി ഭാര്യ മോനിക്ക പറഞ്ഞു. പാർടിക്കാർ ജാമ്യത്തിലെടുത്തു. പുറത്തുവരുമ്പോൾ കാർലോസ് ജീവച്ഛവമായിക്കഴിഞ്ഞുവെന്ന് മോനിക്ക പറഞ്ഞു. കുടിയിറക്കിനിരയായി പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി മരച്ചോട്ടിലായിരുന്നുകഴിഞ്ഞിരുന്നത്. അതിനു ശേഷം എത്രയെത്ര സമരങ്ങൾക്ക് ഈ ദമ്പതികൾ പങ്കാളികളായി അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് അറസ്റ്റുചെയ്തു കാർലോസിനെ ജയിലിലടച്ചു. ക്രൂരമായി മർദ്ദിച്ചു പുറത്തുവരുമ്പോൾ തുപ്പുന്നതു ചോരയായിരുന്നു. അന്ന് കീരിത്തോട് അടിമാലി ലോക്കൽ കമ്മറ്റിയുടെ കീഴിലായിരുന്നു കാർലോസിനോടൊപ്പം മോനിക്കയും സജീവ രാഷ്ട്രീയത്തിൽ വന്നു. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും പാർടി ശക്തിപ്പെടുത്തുന്നതിനും എ കെ ജി, ഇ എം എസ് ഗൗരിയമ്മ തുടങ്ങി അക്കാലത്തെ മുൻനിര നേതാക്കളുടെ പ്രോത്സാഹനവുമുണ്ടായി.



deshabhimani section

Related News

0 comments
Sort by

Home