വിടപറഞ്ഞത് കാൽപന്തുകളിയുടെ അമരക്കാരൻ

കെ ജെ യാസീൻ
കുമളി
കാൽപ്പന്തിന്റെ ഗതിവേഗങ്ങളിൽ യുവതലമുറയെ കെെപിടിച്ചുയർത്തിയ പരിശീലകൻ യാസീന് നാടിന്റെ കണ്ണീരിൽ കുതിർന്ന വിട. കുമളി മാസ്‌റ്റർപീസ് ക്ലബിന്റെ യാസീൻ എന്ന യുവ പരിശീലകൻ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 2500 ലേറെ കുട്ടികൾക്കാണ് പരിശീലനം നൽകിയത്. 210 പേർ വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നു. സന്തോഷ് ട്രോഫി അസിസ്റ്റന്റ് കോച്ച് രാജീവിൽനിന്നാണ് 1994-–96 കാലയളവിൽ യാസീൻ ഫുട്ബോളിൽ പരിശീലനം നേടുന്നത്. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായി. 1995ൽ അത് ലറ്റിക്സിൽ 5000 മീറ്റർ ഓട്ടത്തിൽ യാസീൻ സംസ്ഥാനതലത്തിൽ വെള്ളി മെഡലും നേടി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മത്സരങ്ങളിൽനിന്നും മാറി. പിന്നീട് പരിശീലകനായി. ക്ലബിന്റെ പേരിൽ കുമളി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് കാൽപ്പന്ത് കളിയിൽ പരിശീലനം നൽകി. യാസീന്റെ പരിശീലനത്തിലൂടെ വളർന്ന് വന്ന രാഹുൽ, രാജിൽ, അബു എന്നിവർ അണ്ടർ 14, 16, 17 വിഭാഗത്തിൽ ഇറാൻ, ബ്രസീൽ, ഉസ്ബക്കിസ്ഥാൻ എന്നീ വിദേശ രാജ്യങ്ങളിൽ നടന്ന ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു. ദേശീയ തലത്തിലെ വിവിധ മത്സരങ്ങളിൽ യാസീന്റെ മകൻ അബുതാഹിർ,സാലിമുഹമ്മദ്, ഷിയാസ്, ഷെറിൻ, അനിറ്റ മനോജ്, രാജി ഹരിദാസ് എന്നിവർ അണ്ടർ 16 വിഭാഗത്തിലും ഷൈനിൻ, സാലി എന്നിവർ അണ്ടർ 19 വിഭാഗത്തിലും മാറ്റുരച്ചിരുന്നു. 63- -–ാം ദേശീയ സ്‌കൂൾകായിക മേളയിൽ ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ കേരളത്തിന് കന്നിക്കിരീടം നേടിക്കൊടുക്കുന്നതിൽ മാസ്‌റ്റർപീസിൽ നിന്നും പരിശീലനം ലഭിച്ച സച്ചിൻ സിബി, അബുതാഹിർ എന്നീ രണ്ട് പേരും ഉൾപ്പെട്ടു. യൂറോപ്യൻ ഫുട്ബോൾ ക്ലബിലേക്ക് സച്ചുസിബിക്ക് പ്രവേശനം കിട്ടിയെങ്കിലും പോകാൻ കഴിഞ്ഞില്ല. നിലവിൽ മുഹമ്മദൻസ് സ്പോർട്സ് ക്ലബ്ബ് കൽക്കട്ടയുടെ ടീമിൽ അംഗമാണ്.യാസിന്റെ മകളും കുമളി ഗവ. ഹൈസ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുമായ ആലിയ യാസീൻ നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ മത്സരങ്ങളിൽ ആലിയ യാസീൻ ഗോൾഡൻ ബൂട്ട് നേടി.
Related News

0 comments