Deshabhimani

സംഘപരിവാറിനും ഭീകരവാ​ദികള്‍ക്കും ഒരേ ലക്ഷ്യം: എം സ്വരാജ്

em svaraj
വെബ് ഡെസ്ക്

Published on May 17, 2025, 03:17 AM | 2 min read

തൊടുപുഴ രാജ്യത്ത് മതരാഷ്‍ട്രവാദം ഉയർത്തിപ്പിടിക്കുന്ന സംഘപരിവാർ ശക്തികൾക്കും പഹൽ​ഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്‍ത ഭീകരവാ​ദികൾക്കും ഒരേ ലക്ഷ്യമാണ്. അത് രാജ്യത്തെ ജനങ്ങൾക്കെതിരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ്. ഫാസിസത്തിനെതിരെ സിപിഐ എം തൊടുപുഴയിൽ സംഘടിപ്പിച്ച ക്യാമ്പയിൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികൾ കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് മതംപരിശോധിച്ചെങ്കിൽ അതിന് പിന്നിൽ രാജ്യത്ത് ഹിന്ദു, മുസ്‍ലിം ശത്രുത ആളിപ്പടർത്തി ഇന്ത്യയെ തകർക്കണം എന്നതായിരുന്നു ഉദ്ദേശം. എന്നാൽ ചില വർ​ഗീയവാദികൾ ഒഴികെ രാജ്യം ഒറ്റക്കെട്ടായിനിന്നു. മുസ്ലീംങ്ങൾക്ക് സ്വന്തമായൊരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ടത് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലാണ്. ഇന്ത്യൻ വർ​ഗീയതയുടെ രണ്ട് പിതാക്കന്മാരിൽ ഒരാളാണ് ജിന്ന, മറ്റേയാൾ സവർക്കറാണ്. രണ്ടുപേരും വിശ്വാസികളായിരുന്നില്ല. പക്ഷേ മതരാഷ്‍ട്രം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു. മതരാഷ്‍ട്രമായി എന്ന കാരണത്താൽ ഒരു രാജ്യം രക്ഷപെടില്ല. അതിന് ഉദാഹരണമാണ് പാകിസ്ഥാൻ. അപ്പോഴാണ് ആർഎസ്എസ് പറയുന്നത് ഇന്ത്യ മതരാഷ്‍ട്രമാകണമെന്ന്. എല്ലാ മനുഷ്യരും ഒരു മതക്കാരായാലും രാജ്യം രക്ഷപെടില്ല. പരസ്‍പരം പൊരുതി ഒടുങ്ങും. മതനിരപേക്ഷതയാണ് ആധുനിക കാലത്ത് സ്വീകരിക്കാവുന്ന ആശയം. അവിടെ ഓരോ വിശ്വാസികളുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും. ലോകത്ത് സംഘർഷങ്ങൾ നിലനിൽക്കണമെന്നത് സാമ്രാജ്യത്വത്തിന്റെ താൽപ്പര്യമാണ്. ഇന്ത്യ–- പാക് പ്രശ്‍നങ്ങളിൽ ചരിത്രത്തിലുടനീളം നമ്മുടെ രാജ്യം പുലർത്തിപ്പോന്ന നിലപാട് മൂന്നാംകക്ഷി വേണ്ടെന്നാണ്. പഹൽ​ഗാമിൽ കൊല്ലപ്പെട്ട ജീവനുകൾക്ക് എന്തുവിലയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. വിനോദസഞ്ചാരികളുടെ ചോരവീണിട്ടുള്ള മണ്ണാണ് പഹൽ​ഗാമിലേത്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ അതീവ ജാ​ഗ്രത സൈന്യം പുലർത്തിയിരുന്ന പ്രദേശമാണ്. എന്നിട്ടും ആക്രമണമുണ്ടായ ദിവസം ഒരൊറ്റ പട്ടാളക്കാരൻപോലും അവിടെ ഉണ്ടായിരുന്നില്ല. ഭീകരവാദികൾക്ക് വരാനും പോകാനുമുള്ള അവസരമൊരുക്കിയ സുരക്ഷാവീഴ്‍ചയ്‍ക്ക് ആര് മറുപടി പറയും?, ആ ഭീകരവാദികൾ ഇന്നെവിടെ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഭരണാധികാരികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാനാവില്ലെന്നും സ്വരാജ് പറഞ്ഞു. തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ എം ജെ മാത്യു, മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റിയം​ഗങ്ങളായ വി വി മത്തായി, കെ ജി സത്യൻ, കെ എൽ ജോസഫ്, ഏരിയ സെക്രട്ടറിമാരായ ടി കെ ശിവൻ നായർ, പി പി സുമേഷ്, ലിനു ജോസ്‌ തുടങ്ങിയവർ പങ്കെടുത്തു



deshabhimani section

Related News

View More
0 comments
Sort by

Home