തരംഗം, ദസ്‍തക്

എംജി സര്‍വകലാശാല കലോത്സവം ദസ്‍തകിന്റെ വിളംബര ജാഥയില്‍ അണിനിരന്നവര്‍
തൊടുപുഴ ഇടനാടിന്റെ നഗരവീഥികളിൽ കലാപ്രതിഭകൾ ഒന്നായാർത്തു. തൊടുപുഴയാറിന്റെ തീരത്ത് വെള്ളിയാഴ്‍ച വൈകിട്ട് യൗവനവീര്യം തെളിഞ്ഞു. ഏഴുനാൾ നീളുന്ന കലാമാമാങ്കം നാടിനെ ഉറക്കെ അറിയിക്കുകയായിരുന്നു വിദ്യാർഥികൾ. എം ജി സർവകലാശാല കലോത്സവം ‘ദസ്‍തക്’ വിളംബരജാഥ പങ്കാളിത്തംകൊണ്ടും കാലഘട്ടത്തിന്റെ ആവശ്യമായ ആശയങ്ങൾ കൊണ്ടും സമ്പന്നമായി. 3.30ഓടെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽനിന്നും ജാഥ ആരംഭിച്ചു. പ്രധാന ബാനറിന് പിന്നിൽ സർവകലാശാല യൂണിയൻ ഭാരവാഹിരകൾ അണിനിരന്നു. മുന്നിൽ അകമ്പടിയായി ശിങ്കാരി, പഞ്ചാരി മേളങ്ങൾ. ജനാധിപത്യ, മതേതര മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലത്ത് ഭരണഘടന സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‍ത പ്ലോട്ട് ശ്രദ്ധേയമായി. ഇനിയൊരു ജീവൻ വന്യജീവിയെടുക്കരുതെന്ന് ഓർമപ്പെടുത്തി കാട്ടാനയാക്രമണം ചിത്രീകരിച്ചതും ലഹരിയുപയോഗത്തിനെതിരെയുള്ള പ്ലോട്ടും സാമൂഹ്യപ്രാധാന്യമുള്ളതായി. വിവിധ സംസ്ഥാനങ്ങളിലെ സംസ്‍കാരം വിളിച്ചറിയിച്ച് പല വേശങ്ങളിൽ വിദ്യാർഥിനികളെത്തി. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ വേഷവിധാനങ്ങളിലും കുട്ടികളെത്തി. നാടൻ കലാരൂപങ്ങളായ പുലികളി, തെയ്യം തുടങ്ങിയവ ജാഥയ്‍ക്ക് മാറ്റുകൂട്ടി. ജാഥ മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു. സമാപനയോഗം സർവകലാശാല യൂണിയൻ ചെയർമാൻ എം എസ് ഗൗതം ഉദ്ഘാടനംചെയ്‍തു. വൈസ് ചെയർപേഴ്സൺ എം അപർണ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ലിനു കെ ജോൺ, സംഘാടക സമിതി ഭാരവാഹികളായ അഖിൽ ബാബു, അരുൺകുമാർ, ടോണി കുര്യാക്കോസ്, സഞ്ജീവ് സഹദേവൻ, ശ്രീജിത്ത്, തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു തുടങ്ങിയവർ സംസാരിച്ചു.
0 comments