ഫാസിസത്തിനെതിരെ സിപിഐ എം ക്യാമ്പയിൻ നാളെ

തൊടുപുഴ ഹിറ്റ്‍ലറിന്റെ നാസിപ്പടയെ സോവിയറ്റ് യൂണിയന്റെ ചെമ്പട കീഴ്‍പ്പെടുത്തിയതിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഫാസിസത്തിനെതിരെ ക്യാമ്പയിൻ നടത്തുന്നു. വ്യാഴം വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. ഹിറ്റ്‍ലറുടെ ഫാസിസത്തെ തകർത്ത് ജനാധിപത്യത്തെ സംരക്ഷിച്ച ചെമ്പടയുടെ വിജയം ഓർമിപ്പിക്കുന്ന ദിവസമാണ് വിജയദിനം. രണ്ടാം ലോകയുദ്ധത്തിലെ ഒടുവിലത്തെ പ്രബല പ്രത്യാക്രമണമായിരുന്നു ബർലിൻ യുദ്ധം. മെയ് രണ്ടിന് ബർലിനിലെ നാസീ സൈന്യം കീഴടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് റീച്ച്സ്റ്റാഗിന് മുകളിൽ സോവിയറ്റ് സൈന്യം ചെമ്പതാക ഉയർത്തിയിരുന്നു. നാസീ ജർമനി സോവിയറ്റ് യൂണിയന് മുന്നിൽ ഔപചാരികമായി കീഴടങ്ങി എട്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും റഷ്യൻ ഗവൺമെന്റ് അടക്കം വിവിധ രാജ്യങ്ങൾ എട്ടിനും ഒമ്പതിനുമായി ഈ ഐതിഹാസിക വിജയം വിജയദിനമായി വിപുലമായി ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിപിഐ എം സംസ്ഥാന വ്യാപകമായി ഫാസിസത്തിനെതിരെ ചെമ്പടയുടെ വിജയദിനം ആചരിക്കുന്നത്. ഫാസിസത്തിനെതിരെ സോഷ്യലിസം ആണ് ബദലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി വി മത്തായി, കെ എൽ ജോസഫ്, ടി കെ ശിവൻ നായർ, ടി ആർ സോമൻ, പി പി സുമേഷ്, തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റിയംഗം വി വി മത്തായി, ഏരിയ സെക്രട്ടറിമാരായ ടി ആർ സോമൻ, ലിനു ജോസ് എന്നിവർ പങ്കെടുത്തു.
0 comments