‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്‌ക്ക്
വർണാഭ തുടക്കം

‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്‌ക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര
ഇടുക്കി സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം 2025’ പ്രദർശന വിപണന മേളയ്‌ക്ക് വർണാഭമായ ഘോഷയാത്രയോടെ തുടക്കം. ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര മേള നഗരിയിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. തുടർന്നു നടന്ന പൊതുസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിനുപേർ അണിനിരന്നു. ചെണ്ടമേളം, ബാൻഡ്‌മേളം, നാസിക് ധോൾ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. മന്നാംകൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങി തനത് കലാരൂപങ്ങൾ, വിവിധ വകുപ്പുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ, കരാട്ടെ എന്നിവ വിളംബര ഘോഷയാത്രക്ക് മാറ്റുകൂട്ടി. ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വർണക്കുടകളുമായി അണിനിരന്ന വനിതകളും ഘോഷയാത്രയെ വർണാഭമാക്കി. ‘ശുചിത്വ കേരളം, സുന്ദര കേരളം’ എന്ന ആശയം പങ്കുവച്ച് ഹരിത വസ്ത്രങ്ങളണിഞ്ഞ് ഹരിത കർമസേനാംഗങ്ങളും വിളംബര ജാഥയിൽ അണിനിരന്നു. ഓരോ വകുപ്പുകളുടെയും ലക്ഷ്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ശ്രദ്ധേയമായി. കാമാക്ഷി പഞ്ചായത്ത് അവതരിപ്പിച്ച ഹരിത കർമസേനയുടെ നിശ്ചലദൃശ്യവും പഞ്ചായത്തിന്റെ മാപ്പും ഉൾപ്പെടുത്തിക്കൊണ്ടുള്ള നിശ്ചലദൃശ്യവും ആകർഷകമായി. എസ്‌പിസി, കുടുംബശ്രീ മിഷൻ, ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഭൂ രേഖ -സർവേ, കൃഷി, മത്സ്യബന്ധനം, സഹകരണം, പട്ടിക വർഗ വികസനം, ജലവിഭവം, എക്സൈസ്, ഭാരതീയ ചികിത്സ, ഹോമിയോ, പൊതുമരാമത്ത്, റവന്യൂ–ദുരിത നിവാരണം, ഉപഭോക്തൃ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും വിളംബര ഘോഷയാത്രയിൽ അണിചേർന്നു. മന്ത്രി റോഷി അഗസ്റ്റിൻ, എ രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, കലക്ടർ വി വിഗ്നേശ്വരി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി എസ് വിനോദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
0 comments