കുട്ടികളിൽ മുണ്ടിനീര് പടരുന്നു

ഇടുക്കി
ജില്ലയിലെ വിവിധയിടങ്ങളിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യവകുപ്പ്. രണ്ടാഴ്ചക്കിടെ 50 ഓളം കുട്ടികൾക്ക് മുണ്ടിനീര് ബാധിച്ചതായാണ് കണക്ക്. ജനുവരിയിൽ ഇതുവരെ 76 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഇതിൽ 23 കേസുകളും പൂമാല ട്രൈബൽ സ്‌കൂളിൽനിന്നുണ്ടായ ഔട്ട്‌ബ്രേക്കിനെ തുടർന്നാണ് ഉണ്ടായത്. പ്രൈമറി വിഭാഗത്തിലുള്ള കുട്ടികളിലാണ് കൂടുതലായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. 2024ൽ ആകെ 365 പേർക്കായിരുന്നു രോഗബാധ ഉണ്ടായത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പ്രതിരോധ ബോധവൽക്കരണം നടത്തിവരുന്നുണ്ട്. സ്‌കൂളുകളിൽ പടരുന്ന സാഹചര്യമുണ്ടായാൽ സ്‌കൂൾ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. മുണ്ടിനീര്– ലക്ഷണങ്ങൾ ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര് അഥവാ ‘മംപ്‌സ്’. രോഗകാരണമാകുന്ന പാരാമിക്‌സോ വൈറസ് വായുവിലൂടെയാണ് പടരുന്നത്. രോഗമുള്ളവർ തുമ്മുകയോ ചുമയ്‍ക്കുകയോ സംസാരിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്യുമ്പോൾ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പടർന്ന് രോഗം വ്യാപിക്കും. വൈറസ് ബാധിച്ച് ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കഴുത്തിന് പിന്നിലെ വീക്കം, പനി, നീരുള്ള ഭാഗത്ത് വേദന, തലവേദന, പേശിവേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്, വിശപ്പില്ലായ്‌മ തുടങ്ങിയവയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ കേൾവിത്തകരാറിനും ഭാവിയിൽ വന്ധ്യതയ്ക്കുംവരെ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. സാധാരണയായി 5–15 പ്രായമുള്ളവരിലാണ് മുണ്ടിനീര് കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും പകരാറുണ്ട്. പ്രതിരോധം എങ്ങനെ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, അസുഖ ബാധിതർ രോഗം ഭേദമാകുന്നതുവരെ വിശ്രമിക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക, രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത് തുടങ്ങിയ ജാഗ്രതാ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും. പ്രതിരോധത്തിനായി മുമ്പ് മീസിൽസ് മംപ്‌സ് റൂബെല്ല(എംഎംആർ) വാക്‌സിൻ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ മുണ്ടിനീര് വാക്സിൻ ഉൾപ്പെടുത്തിയിരുന്നില്ല. 2017 മുതൽ മീസിൽസ് റൂബെല്ല(എംആർ) വാക്‌സിനാണ് പകരം നൽകിവരുന്നത്. കൂടുതൽ ഗുരുതരമായ രോഗങ്ങളായ മീസിൽസും(അഞ്ചാംപനി) റൂബല്ലെയും പ്രതിരോധിക്കാനാണ് ഇങ്ങനെ തീരുമാനിച്ചത്. എന്നാൽ ഇതിനുശേഷം ജനിച്ച കുട്ടികളിൽ രോഗബാധയ്‌ക്കുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകളുണ്ട്. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ എത്രയുംവേഗം ഡോക്ടറെ കാണണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ജോബിൻ ജി ജോസഫ് പറഞ്ഞു.
Related News

0 comments