കുതിപ്പിനൊരുങ്ങി ദേശീയ ജലപാത

നിർമാണം പുരോഗമിക്കുന്ന ജലപാത
തിരുവനന്തപുരം
ഗതാഗതമേഖലയ്‌ക്ക് പുത്തൻ കുതിപ്പേകാൻ ദേശീയ ജലപാതയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ആക്കുളം മുതൽ ചേറ്റുവ വരെയുള്ള ആദ്യ റീച്ച് ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യും. 270 കിലോമീറ്ററാണ് നീളം. ജില്ലയിൽ 1450 കുടുംബങ്ങളെ 247 കോടി രൂപ കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് പുനരധിവസിപ്പിക്കാനുള്ള നടപടികളും ഉൗർജിതം. ആക്കുളം മുതൽ ആറാട്ടുവഴി വരെ ജലപാതയുടെ 99 ശതമാനം നിർമാണം പൂർത്തിയായി. പാർവതീപുത്തനാർ കടന്നുപോകുന്ന വേളി മുതൽ പള്ളിത്തുറ വരെയുള്ള ഭാഗത്തിന്റെ നിർമാണപ്രവർത്തനങ്ങളും ആറാട്ടുവഴി - സെന്റ് ആൻഡ്രൂസ് പാലത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. അനക്കപിള്ള മുതൽ ചാന്നാങ്കര വരെ കായലിന്റെ വീതിയും ആഴവും കൂട്ടുന്ന പണിയും പൂർത്തീകരിച്ചു. വേളി, സ്റ്റേഷൻകടവ്, പള്ളിത്തുറ ബോട്ട് ജെട്ടി നിർമാണവും പുരോഗമിക്കുന്നു. കരിക്കകത്ത് പാർവതീപുത്തനാറിന് കുറുകെ നിർമിക്കുന്ന ലിഫ്റ്റ് ബ്രിഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞു. ബോട്ടുകളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്നതരത്തിലാണ് പാലം. 2.8 കോടി രൂപ ചെലവഴിച്ച് 4.5 മീറ്റർ വീതിയിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജാണ് ഇത്. 616 കിലോമീറ്റർ നീളമുള്ള കോവളം– -ബേക്കൽ ദേശീയപാത ജലപാത പദ്ധതി 6000 കോടി രൂപ ചെലവിലാണ് യാഥാർഥ്യമാകുന്നത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, തദ്ദേശവാസികളുടെ ഉപജീവന സാധ്യതകളും ഇതുവഴി മെച്ചപ്പെടും.









0 comments