നാവികസേന അഭ്യാസ പ്രകടനം
നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം

തിരുവനന്തപുരം
ശംഖുംമുഖത്ത് ബുധൻ വൈകിട്ട് 4.30 മുതൽ നാവികസേന സംഘടിപ്പിക്കുന്ന നാവികസേന ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് നഗരത്തിൽ പകൽ 12 മുതൽ ഗതാഗത ക്രമീകരണം. പൊതുജനങ്ങൾക്ക് അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ പാർക്കിങ് പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമ നടപടിയെടുക്കും. ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നിവിടങ്ങളിൽനിന്ന് ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്കു മാത്രമെ പ്രവേശനമുള്ളു. പാസ് പരിശോധിച്ച് പാർക്കിങ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും. പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങൾ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ചാക്ക- ഓൾസെയിന്റ്‌സ് വഴി ശംഖുംമുഖത്ത് എത്തി ആളുകളെ ഇറക്കിയശേഷം പാസിലെ ക്യുആർ കോഡിൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. അതിനുശേഷം വരുന്ന വാഹനങ്ങൾ ഈഞ്ചക്കൽ- – കല്ലുംമ്മൂട്- – പൊന്നറപാലം- – വലിയതുറ- ഡൊമസ്റ്റിക് എയർപോർട്ട് വഴി പോകണം. പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക- ഓൾ സെയിന്റ്‌സ്- ബാലനഗർ റോഡ് വഴിയും ചാക്ക- ഓൾ സെയിന്റ്‌സ് -മാധവപുരം- വേളി ടൂറിസ്റ്റ് വില്ലേജ്- വെട്ടുകാട് വഴിയും വന്ന് പാസിൽ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. അവിടെനിന്ന് നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ കണ്ണാന്തുറ എത്തി പരിപാടി കണ്ടശേഷം അതേ വാഹനത്തിൽ തിരികെ പോകണം. പാസില്ലാതെ പരിപാടി കാണാൻ വരുന്നവർ വാഹനങ്ങൾ തിരുവനന്തപുരം നഗര പരിധിയിലെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ നിർത്തിയിടണം. തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള കെഎസ്ആർടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി തിരികെ പോകണം. പകൽ ഒന്ന് മുതൽ പാർക്കിങ് ഗ്രൗണ്ടുകളിൽനിന്ന് കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും. കുപ്പിയും കുടയും കരുതാം നാവികസേന ഓപ്പറേഷൻ ഡെമോ കാണാനെത്തുന്ന ജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതണം. ശംഖുംമുഖത്ത് വിവിധ ഭാഗങ്ങളിൽ കുടിവെള്ളസൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫില്ലിങ് പോയിന്റുകളിൽനിന്ന് കുപ്പികളിൽ വെള്ളം നിറയ്ക്കാം. ഹരിത ചട്ടത്തിന്റെ ഭാഗമായാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചത്. ഉപയോഗശേഷം വലിച്ചെറിയുന്ന പാസ്റ്റിക് കുപ്പികൾ പാടില്ല.









0 comments