ഇത് സ്വപ്‌ന സാക്ഷാൽക്കാരം

ഇടവക്കോട് വാർഡിലെ ഹരിതകർമസേന ആക്രി വിറ്റ് വാങ്ങിയ പിക്കപ് വാൻ ക്ലൈനസ് റൊസാരിയോ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കഴക്കൂട്ടം
ആക്രി പെറുക്കി സ്വരുക്കൂട്ടിയ തുക കൊണ്ട് സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഇടവക്കോട് വാർഡിലെ ഹരിതകർമസേന അംഗങ്ങൾ. വീടുകളിലെയും പരിസരങ്ങളിലെയും ആക്രി വിറ്റുകിട്ടിയ 68,000 രൂപയിൽനിന്ന് സ്വപ്നമായ പിക്കപ് വാനാണ് അവർ സ്വന്തമാക്കിയത്. വാഹനമില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ തുടർന്നതോടെ പിക്കപ്പ് വാങ്ങാമെന്ന ചിന്തയിലെത്തി. തുടർന്ന് തുകയിൽനിന്ന് 40,000 രൂപ ആദ്യമടച്ചാണ് വാഹനം വാങ്ങിയത്. 18000 രൂപ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായും ഉപയോഗിച്ചു. 12000 രൂപയാണ് മാസത്തവണയായി 4 വർഷം അടക്കേണ്ടത്. ഇത്തരത്തിൽതന്നെ തുക സമാഹരിച്ച് ബാങ്ക് വായ്പ അടയ്ക്കാൻ കഴിയുമെന്ന് പ്രവർത്തകർ പറഞ്ഞു. ഇടവക്കോട് വാർഡിലെ ആവശ്യം കഴിഞ്ഞാൽ മറ്റു വാർഡുകളിലെ ഹരിതകർമസേനയ്ക്ക് വാഹനം വാടകയ്ക്ക് നൽകുമെന്ന് വാർഡ് കൗൺസിലർ എൽ എസ് സാജു പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ തന്നെ ആദ്യമായാണ് ആക്രി വിറ്റ് ഹരിതകർമസേന വാഹനം വാങ്ങുന്നത്.നഗരസഭ ക്ഷേമകാര്യ ചെയർമാൻ ക്ലൈനസ് റൊസാരിയോ വാഹനം ഫ്ലാഗ് ഓഫ് ചെയ്‌തു. കൗൺസിലർ എൽ എസ് സാജു അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശശി, ലേഖ കുമാരി, വിജയൻ എന്നിവർ സംസാരിച്ചു.
0 comments