ഒടുവിൽ ക്രെഡിറ്റ് തട്ടാൻ സമരാഭാസം
സ്‌മാർട്ട് സിറ്റി റോഡുകളിൽ മണ്ണിട്ട് മൂടിയത് ബിജെപി

വഴുതക്കാട് ജങ്ഷനിൽ സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വെട്ടിയ കുഴികൾ ബിജെപിക്കാർ മണ്ണിട്ടു മൂടിയതിനെ ക്കുറിച്ച് 2024 മെയ് 28ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

സ്വന്തം ലേഖിക
Published on May 18, 2025, 01:52 AM | 1 min read
തിരുവനന്തപുരം
നഗരത്തിലെ സ്മാർട്ട് സിറ്റി റോഡുകളിൽ മണ്ണിട്ട് മൂടിയ ബിജെപിക്കാർ പദ്ധതി പൂർത്തിയായപ്പോൾ ക്രെഡിറ്റു തട്ടാൻ സമരാഭാസവുമായി രംഗത്ത്. തലസ്ഥാന നഗരിയിലെ സ്മാർട്ട് റോഡുകളുടെ പണിപൂർത്തിയായപ്പോഴാണ് കേന്ദ്ര പദ്ധതിയാണെന്ന അവകാശവാദവുമായി ബിജെപി എത്തിയത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ രണ്ടാംഘട്ടമായ ‘സിറ്റീസ് 2.0’യിൽ ഇടംനേടിയ സംസ്ഥാനത്തെ ഏക കോർപറേഷൻ തിരുവനന്തപുരമാണെന്നത് വിസ്മരിച്ചാണ് ബിജെപിയുടെ നാടകം. സംസ്ഥാനവും കോർപറേഷനും 635 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. വി കെ പ്രശാന്ത് മേയറായിരിക്കെയാണ് സ്മാർട്ട്സിറ്റി പദ്ധതിയിൽ തിരുവനന്തപുരം ഉൾപ്പെടുന്നത്. കേന്ദ്രം 500 കോടി നൽകുമെന്നും ബാക്കി തുക വഹിക്കാൻ സംസ്ഥാനത്തിന് കഴിയുമെങ്കിൽ മാത്രം പദ്ധതിയുടെ ഭാഗമാകണമെന്നായിരുന്നു ചട്ടം. ഈ വെല്ലുവിളി ഏറ്റെടുത്ത അന്നത്തെ ഭരണസമിതിയും എൽഡിഎഫ് സർക്കാരും കരാറിലൊപ്പിട്ടു. 500 കോടി രൂപ സംസ്ഥാന സർക്കാരും 135 കോടി രൂപ യുഎൽബി ഷെയറായി കോർപറേഷനും വഹിച്ചു. ഒരു വർഷം മുമ്പ് പദ്ധതി അട്ടിമറിക്കാൻ ബിജെപി കൗൺസിലർമാരുടെ നേത-ൃത്വത്തിലാണ് വഴുതക്കാട് ജങ്ഷനിൽ സ്മാർട്ട്റോഡിന്റെ ഭാഗമായുള്ള ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ള കുഴിമൂടിയത്. നിർമാണ സാമഗ്രികളും പ്രവർത്തകർ നശിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റും കൗൺസിലറുമായ വി വി രാജേഷായിരുന്ന അന്ന് ഇതിന് മുന്നിലുണ്ടായത്. കുഴിയിലെ മണ്ണ് നീക്കൽ ശ്രമകരമായതോടെ ദ്രുതഗതിയിലായിരുന്ന ജോലി തടസ്സപ്പെട്ടു. കരാറുകാരന് അധികചെലവ് വരികയും ചെയ്തു.
0 comments