സ്മാര്‍ട്ടായി തലസ്ഥാന വീഥികള്‍

ആൽത്തറ –ചെന്തിട്ട റോഡ്

സ്വന്തം ലേഖിക
Published on May 15, 2025, 12:49 AM | 1 min read
തിരുവനന്തപുരം
നഗരവീഥികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി സ്മാർട്ട് റോഡുകളാക്കിയ കോർപറേഷൻ വിജയഗാഥ. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ പൂർത്തിയായത്. ആകെ 21.34 കിലോമീറ്ററിലായി 180 കോടിയോളം രൂപ ചെലവിട്ടാണ് 12 സ്മാർട്ട് റോഡ് നിർമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് മാനവീയംവീഥിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകൾ നഗരത്തിന് സമർപ്പിക്കും. ടാറിങ് പൂർത്തിയാക്കിയ റോഡുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല. സ്മാർട്ട്സിറ്റിയുടെ ഭാഗമായി കെആർഎഫ്ബിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. വഴിവിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാത, ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിൾ സ്ഥാപിക്കൽ, സ്വീവേജ് പൈപ്പുകളുടെ പുനർനിർമാണം, സൈക്കിൾ ട്രാക് തുടങ്ങിയവയും റോഡുകളിൽ ഉറപ്പാക്കി. കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. 12 സ്മാർട്ട് റോഡുകളിൽ മാനവീയം വീഥിയും കലാഭവൻ മണി റോഡും കഴിഞ്ഞവർഷം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചിരുന്നു. സ്മാർട്ട് റോഡുകൾക്കു പുറമെ നഗരത്തിലെ 27 പ്രധാന റോഡും ബിഎംബിസി നിലവാരത്തിൽ നവീകരിച്ചിരുന്നു. ഈ റോഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
0 comments