ആർഎസ്‌എസ് പരിപാടിയുടെ ഉദ്‌ഘാടകൻ കോൺഗ്രസ് നേതാവ്


സ്വന്തം ലേഖകൻ
Published on May 13, 2025, 11:52 PM | 1 min read
നേമം
ആർഎസ്‌എസ് ബൈഠക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തത് നേമം കോൺഗ്രസ് ബ്ലോക്ക് ട്രഷറർ. കരുമം കണ്ണൻകോട് ബ്രാഹ്‌മൺ സഭ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പാണ് കരുമം ശശികുമാർ ഉദ്‌ഘാടനം ചെയ്‌തത്. ആർഎസ്‌എസ് ബാന്ധവം മുമ്പേ ആരോപിക്കപ്പെട്ട ശശികുമാർ പരിപാടിയിൽ പങ്കെടുത്തതിനുപിന്നാലെ കോൺഗ്രസിൽ ചർച്ചയായി. വിവേകാനന്ദ റസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റുകൂടിയായ ഇദ്ദേഹം ബ്രാഹ്‌മൺസഭാ ഹാളിൽ അസോസിയേഷന്റെ പരിപാടി ബുക്ക് ചെയ്യുന്നതിനായാണ് പോയതെന്നും ബിജെപി നേമം നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ സഹോദരൻ കരുമം രാജേഷ് ക്യാമ്പിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം. ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത കരുമം ശശി കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു. പല തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാളയത്തിൽനിന്ന് ബിജെപിക്ക് സഹായമൊരുക്കുന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നും ഉദ്‌ഘാടകനായി ആർഎസ്‌എസ് ക്യാമ്പിൽ പങ്കെടുത്തത് ആരോപണം ശരിവയ്ക്കുന്നതാണെന്നും ഒരുവിഭാഗം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഇദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും കെപിസിസി നേതൃത്വത്തിന് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. മേലാംകോട് വാർഡ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് ശ്രീദേവിക്കും തെരഞ്ഞെടുപ്പ് വേളയിൽ ഇദ്ദേഹം സഹായമൊരുക്കിയിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. കരുമം വാർഡ് രൂപീകരിക്കുകയാണെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കുകയാണ് ശശികുമാറെന്നും ഇതിന് ബിജെപിയുടെ സഹായം ലഭിക്കുന്നതിനാണ് ബാന്ധവം ഉറപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
0 comments