പണിമുടക്കിൽ പങ്കെടുക്കാനായി സ്കൂൾ പൂട്ടി; വലഞ്ഞ് വിദ്യാർഥികൾ

വട്ടിയൂർക്കാവ് ഗവ. എൽപി സ്കൂളിന്റെ ഗേറ്റ് പൂട്ടിയനിലയിൽ
വട്ടിയൂർക്കാവ്
ഒരു വിഭാഗം ജീവനക്കാർ ഏകപക്ഷീയമായി നടത്തിയ പണിമുടക്കിൽ പങ്കെടുക്കാനായി അധ്യാപകർ സ്‌കൂൾ പൂട്ടിപോയതോടെ വലഞ്ഞ് വിദ്യാർഥികൾ. വട്ടിയൂർക്കാവ് എൽപി സ്കൂളിലാണ് സംഭവം. സംഭവത്തിൽ സ്‌കൂളിലെ പ്രഥമാധ്യാപകനും കോൺഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ ജിനിൽ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പണിമുടക്കിൽ സ്കൂളിലെ അധ്യാപകർ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരം നോർത്ത് എഇഒ ലീനയോട് പ്രഥമാധ്യാപകൻ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളുടെ പഠനം മുടങ്ങരുതെന്നും അധ്യാപകരെ ക്ലാസുകൾ കൈകാര്യം ചെയ്യാനായി പ്രത്യേകം സജ്ജീകരിക്കണമെന്നും എഇഒ അറിയിച്ചു. ഇതൊന്നും പരിഗണിക്കാതെയാണ് ജിനിൽ ജോസ് സ്‌കൂളിന് സ്വമേധയാ അവധി നൽകിയത്. തുടർന്ന് സ്‌കൂളിലെ അധ്യാപികയായ ദർശന രക്ഷാകർത്താക്കളുടെ വാട്സാപ് ഗ്രൂപ്പിൽ ബുധനാഴ്ച അധ്യാപകർ പണിമുടക്കുന്നതിനാൽ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല എന്ന സന്ദേശവും അയച്ചു. വാട്സാപ് സന്ദേശം ലഭിക്കാത്ത കുട്ടികൾ രാവിലെതന്നെ സ്കൂളിൽ എത്തി. ഗേറ്റ് പൂട്ടിയിരുന്നതിനാൽ മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തുനിന്ന് ഒടുവിൽ വീട്ടിലേക്ക് മടങ്ങി. വിഷയം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും രക്ഷാകർത്താക്കളും സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എഇഒ ഒടുവിൽ സ്കൂൾ ഉച്ചയോടെ തുറന്ന് നൽകിയെങ്കിലും കുട്ടികളെല്ലാം വീടുകളിലേക്ക് പോയിരുന്നു. എഇഒ സ്കൂളിൽ എത്തി എന്നറിഞ്ഞിട്ടും അധ്യാപകരും ജീവനക്കാരും സ്‌കൂളിലേക്ക് മടങ്ങിയെത്തിയതുമില്ല. അധ്യാപകരുടെ നടപടിയിൽ നാട്ടുകാരും രക്ഷാകർത്താക്കളും പ്രതിഷേധത്തിലാണ്. പണിമുടക്കിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടിയ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ വ്യാഴം രാവിലെ എട്ടിന് സ്‌കൂളിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
Related News

0 comments