നഴ്‌സുമാരുടേത് സമാനതകളില്ലാത്ത സേവനം: മന്ത്രി

തിരുവനന്തപുരം
നഴ്‌സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന നഴ്‌സസ് ദിനാഘോഷം സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ മലയാളി നഴ്‌സുമാർക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നിൽക്കണ്ട് വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ മേഖലയിൽ 15 നഴ്സിങ് കോളേജ് ആരംഭിച്ചു. ഇതിലൂടെ സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽമാത്രം കഴിഞ്ഞ വർഷം 1020 ബിഎസ്‌സി നഴ്‌സിങ് സീറ്റ് വർധിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും എംഎസ്‌സി മെന്റൽ ഹെൽത്ത് നഴ്‌സിങ് കോഴ്‌സ് ആരംഭിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നഴ്‌സിങ് മേഖലയിൽ സംവരണം അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. എ കെ ജി ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന അധ്യക്ഷയായി. മന്ത്രി വി ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഗോപിനാഥ് മുതുകാട്, നഴ്സസ് വാരാഘോഷ ജനറൽ കൺവീനർ എസ് എസ് ഹമീദ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. സിനി പ്രിയദർശിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് നഴ്‌സിങ് സർവീസസ് കെ രാധാമണി, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എഡ്യൂക്കേഷൻ ഡോ. ടി പ്രേമലത, ഡോ.പി എസ് സോന, മോളിക്കുട്ടി എബ്രഹാം, എസ് എം അനസ്, കെ സി പ്രീത കൃഷ്ണൻ എന്നിവർ സംസാരിച്ചു.
0 comments