അഭിഭാഷകയ്ക്ക് മര്‍ദനം
കോടതി സ്വമേധയാ കേസെടുക്കണം: മഹിളാ അസോസിയേഷന്‍

തിരുവനന്തപുരം
അഭിഭാഷകയെ മർദിച്ച അഭിഭാഷകനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. തൊഴിലിടത്തിലെ പീഡനമാണിത്. വിഷയത്തിൽ മനുഷ്യാവകാശ കമീഷനും യുവജന കമീഷനും ഉടൻ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി എൻ സീമ, എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത എന്നിവർ സംസാരിച്ചു.ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. കൃഷ്‌ണകുമാരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ ഷൈന, ലീന എന്നിവരും പങ്കെടുത്തു.
ബെയ്-ലിൻ ദാസിനെ പുറത്താക്കി
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽനിന്ന് താൽക്കാലികമായി പുറത്താക്കി. എന്താണ് നടന്നതെന്നതിനെക്കുറിച്ച് ബെയ്‌ലിൻ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. നീതി നേടിക്കൊടുക്കാൻ യുവ അഭിഭാഷകയ്ക്കൊപ്പമാണെന്നും അന്വേഷണത്തിനുശേഷം തുടർനടപടിയെടുക്കുമെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.
"നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് മുഖത്തടിച്ചത്. ആദ്യ അടിയിൽ നിലത്തുവീണു. പിന്നീട് എണീറ്റ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടിക്കുകയായിരുന്നു. ഇതിനുമുമ്പും സർ ഇതുപോലെ പെരുമാറിയിട്ടുണ്ട്. ദേഷ്യം വന്നാൽ ഫയലുകൾ എടുത്ത് ദേഹത്തേക്കെറിയും.' ഓഫീസിൽ ജോലിക്കിടെ അഭിഭാഷകൻ ക്രൂരമായി മർദിച്ച ജെ വി ശ്യാമിലിയുടെ വാക്കുകളാണ്. ഏഴുമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ പക്കൽ ഏൽപ്പിച്ചാണ് ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ വൈ ബെയ്-ലിൻ ദാസ് നിർദേശിച്ചപ്രകാരം ശ്യാമിലി ഓഫീസിലെത്തിയത്. എന്നാൽ, ശ്യാമിലിയെ കാത്തിരുന്നത് ക്രൂരപീഡനമായിരുന്നു. പ്രസവാവധിക്കുശേഷം മൂന്നുമാസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ, വ്യാഴാഴ്ചമുതൽ ജോലിക്ക് വരേണ്ടയെന്ന് സർ പറഞ്ഞു. കാരണം ചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. പിന്നീട് ചൊവ്വാഴ്ച വീണ്ടും വരണമെന്ന് വിളിച്ചുപറഞ്ഞു. വന്നപ്പോൾ മുമ്പ് ഓഫീസിൽ പ്രശ്നമുണ്ടാക്കിയ മറ്റൊരു ജൂനിയറുടെ വിഷയം സാറിനോട് പറഞ്ഞു. കോടതിയിൽ പോയി വന്നശേഷം ഇതേവിഷയവും എന്നെ എന്തിനാണ് പുറത്താക്കിയതെന്നും സാറിന്റെ കാബിനിൽ പോയി ചോദിച്ചു. സംസാരിക്കാൻ താൽപ്പര്യമില്ലെന്നും തന്റെ കാര്യത്തിൽ ജൂനിയർ ഇടപെടേണ്ട എന്നും പറഞ്ഞു. സാർ എന്തെങ്കിലും തീരുമാനിക്കെന്ന് പറഞ്ഞപ്പോഴാണ് പ്രകോപിതനായി മുഖത്തടിച്ചതെന്നും ശ്യാമിലി പറയുന്നു.
ബെയ്ലിൻദാസിനെ അറസ്റ്റ് ചെയ്യണം: ലോയേഴ്സ് യൂണിയൻ
വനിതാ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ പ്രതിയായ ബെയ് ലിൻദാസിനെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഒ അശോകൻ, സെക്രട്ടറി അഡ്വ. എ എ ഹക്കീം എന്നിവർ ആവശ്യപ്പെട്ടു.
0 comments