സമരം പരാജയം; ഭൂരിഭാഗവും ജോലിക്കെത്തി

രാഷ്ട്രീയ പ്രേരിത പണിമുടക്ക് തള്ളിക്കളഞ്ഞ അധ്യാപകർക്കും ജീവനക്കാർക്കും അഭിവാദ്യങ്ങളർപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെക്രട്ടറിയറ്റിലേക്ക് നടത്തിയ പ്രകടനം
തിരുവനന്തപുരം
ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ അനുവദിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ഒരുവിഭാഗം സംഘടനകൾ ആഹ്വാനം ചെയ്ത രാഷ്ട്രീയ പ്രേരിത പണിമുടക്ക് ജീവനക്കാർ തള്ളിക്കളഞ്ഞുവെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ്. സംസ്ഥാനത്തെ എല്ലാ ഓഫീസുകളും തുറന്നുപ്രവർത്തിച്ചു. കോൺഗ്രസ്, സിപിഐ സർവീസ് സംഘടനാ പ്രതിനിധികൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. സെക്രട്ടറിയറ്റിൽ ബുധനാഴ്ച 92 ശതമാനം ജീവനക്കാർ ഹാജരായി. 125 പേർ മാത്രമാണ് അവധിയെടുത്തത്. ഫുഡ് ആൻഡ് സേഫ്ടി വകുപ്പ്, സഹകരണ രജിസ്ട്രാറുടെ കാര്യാലയം, സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, കൺസ്ട്രക്ഷൻ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ എല്ലാ ജീവനക്കാരും ഹാജരായി. തിരുവനന്തപുരം കോർപറേഷനിൽ രണ്ടുപേർ മാത്രമായിരുന്നു അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 328 പേർ, സിവിൽ സപ്ലൈസിൽ 155, റവന്യു വകുപ്പിൽ 224, പിഡബ്ല്യുഡിയിൽ 272, ഇറിഗേഷൻ വകുപ്പിൽ 221 പേരും ജോലിക്കെത്തി. പണിമുടക്ക് തള്ളിയ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും സെക്രട്ടറിയറ്റിന് മുന്നിലും പ്രകടനം നടത്തി. സെക്രട്ടറിയറ്റിന് മുന്നിൽ പ്രകടനം ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെഎസ്ഇഎ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എസ് എസ് ഹമീദ്, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽ കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് എന്നിവർ പങ്കെടുത്തു.
Related News

0 comments