ഗോപൻ സ്വാമിയുടെ ‘സമാധി’
മൃതദേഹം പുറത്തെടുക്കാനുള്ള അനുമതികാത്ത് പൊലീസ്

തിരുവനന്തപുരം
ബാലരാമപുരം അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമി (81)യുടെ ‘സമാധി’യിൽ ദുരൂഹത നീക്കാൻ അന്വേഷണം ശക്തമാക്കി പൊലീസ്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗോപൻസ്വാമിയെ കാണാനില്ലെന്ന് കാട്ടി കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഞായറാഴ്‌ച ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മക്കളും കുടുംബവും പറയുന്നതിൽനിന്ന് വ്യത്യസ്‌തമായ കാര്യങ്ങളാണ് ബന്ധുക്കളിൽനിന്ന് പൊലീസിന് ലഭിച്ചത്. ഇതോടെ നാട്ടുകാർ ആരോപിക്കുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. ഗോപൻ സ്വാമി സമാധിയായെന്നും അദ്ദേഹത്തിന്റെ ഇഷ്‌ടപ്രകാരം കല്ലറയൊരുക്കി കുടിയിരുത്തിയെന്നുമാണ് മക്കൾ അവകാശപ്പെടുന്നത്. മക്കൾക്കും ബന്ധുക്കൾക്കും പരാതിയില്ലാത്തതിനാൽ പൊലീസിന് കേസെടുക്കാനോ കല്ലറ പൊളിക്കാനോ കഴിഞ്ഞിട്ടില്ല. തുടർന്നാണ് ആളെ കാണാതായി എന്നരീതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആർഡിഒയുടെ അനുമതിയുണ്ടെങ്കിലേ കല്ലറ പൊളിക്കാൻ കഴിയൂ. തിങ്കളാഴ്‌ച അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം. കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാകുമെന്ന സംശയമാണ് നാട്ടുകാർ ആദ്യം ഉന്നയിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന ഗോപൻ സ്വാമി സ്വാഭാവികമായി മരണപ്പെട്ടിരിക്കാമെന്നും ക്ഷേത്രത്തിന് പ്രശസ്‌തി ലഭിക്കാനായി സമാധിക്കഥയുണ്ടാക്കിയതായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. പോസ്റ്റുമോർട്ടം നടത്തിയാലേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ. ഗോപൻസ്വാമി സമാധിയായെന്നറിയിച്ച് വെള്ളി പകൽ മക്കൾ പ്രദേശത്ത് പോസ്റ്റർ ഒട്ടിച്ചതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ആറാലുംമൂട് ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻസ്വാമി കുടുംബക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു.
0 comments