മഹാരാഷ്ട്ര സ്വദേശികളുടെ മരണം
ഒരു മാസത്തിനിടെ ആകെ 3 ഫോൺ വിളികൾമാത്രം


സ്വന്തം ലേഖകൻ
Published on Jan 21, 2025, 01:10 AM | 1 min read
തിരുവനന്തപുരം
തമ്പാനൂരിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശികളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. പുണെ ശിക്രാപുർ ദത്ത് വിഹാർ സ്വദേശികളായ ദത്താത്രെ കോന്തിബ ബമനെ (44), മുക്ത കോന്തിബ ബമനെ (48) എന്നിവരെയാണ് ഞായർ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും സഹോദരങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു മാസത്തിനിടെ ആകെ 3 പേരെ മാത്രമാണ് വിളിച്ചിട്ടുള്ളൂവെന്ന് കണ്ടെത്തി. ഇതൊന്നും ബന്ധുക്കളെയല്ല. ഈ നമ്പറുകളിൽ ഒന്ന് ഇവർ ശിക്രാപുരിൽ 3 മാസം വാടകയ്ക്ക് താമസിക്കവേ ഒപ്പമുണ്ടായിരുന്ന സിദ്ധാർഥ് റൗഡ എന്നയാളുടെ ആയിരുന്നു. ഇവർ മുറിയിൽനിന്ന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ബന്ധുക്കളില്ലെന്നും സിദ്ധാർഥ് പറഞ്ഞതായി തമ്പാനൂർ ഇൻസ്‌പെക്‌ടർ വി എം ശ്രീകുമാർ പറഞ്ഞു. മുംബൈയിൽ ജോലി ലഭിച്ചുവെന്ന് പറഞ്ഞാണ് ഇവർ സിദ്ധാർഥിനെ വിളിച്ചത്. മുറിയിൽനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ തങ്ങൾ അനാഥരാണെന്നും ജോലിയില്ലെന്നും ബന്ധുക്കൾ അന്വേഷിച്ച് വന്നാൽ മൃതദേഹം വിട്ടുനൽകരുതെന്നും എഴുതിയിരുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷന് എതിർവശത്തെ ഹോട്ടലിൽ വെളളിയാഴ്ചയാണ് ഇരുവരും മുറി എടുത്തത്. ഞായർ രാവിലെ ഹോട്ടൽ ജീവനക്കാരൻ ചായയുമായി തട്ടിവിളിച്ചിട്ടും അനക്കമില്ലാത്തതോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി റൂം ചവിട്ടിത്തുറക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Related News

0 comments