ചെങ്കൽ പഞ്ചായത്ത്
അറുതി വേണം, അഴിമതി ഭരണത്തിന്

നവീകരിക്കാതെ ശോചനീയാവസ്ഥയിലായ ഉദയൻകുളം
പാറശാല
യുഡിഎഫ് നേതൃത്വത്തിലുള്ള -ചെങ്കൽ പഞ്ചായത്തിലെ അഴിമതി ഭരണത്തിന് അറുതിവരുത്താൻ വോട്ടർമാർ. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സ്വജനപക്ഷപാതവും ഏകപക്ഷീയ തീരുമാനങ്ങളും ഭരണപക്ഷത്തെ ചില അംഗങ്ങളിൽ പോലും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉദിയൻകുളങ്ങര സേതുലക്ഷ്മിഭായി മാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കാതെ കോൺഗ്രസ് നേതാക്കൾക്ക് കടമുറികൾ ലേലം പിടിച്ച് നൽകി. ഇതിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട പണം ലഭിച്ചില്ലെന്നു മാത്രമല്ല, ലക്ഷങ്ങളുടെ അഴിമതിയും നടന്നു. റോഡ് പുനരുദ്ധാരണത്തിന് സർക്കാർ അഞ്ച് കോടി അനുവദിച്ചെങ്കിലും കോൺഗ്രസ് നേതാക്കളുടെ കമീഷൻ വിലപേശൽ കാരണം പ്രവൃത്തി നീണ്ടു. അശാസ്ത്രീയ നിർമിതിയും അഴിമതിയും കാരണം ആറ് കിലോമീറ്റർ പണി ചെയ്യേണ്ടയിടത്ത് ഒരു കിലോമീറ്റർപോലും ചെയ്യാത്ത അവസ്ഥയുമുണ്ടായി. മണ്ണും വീടും പദ്ധതിയും നടപ്പാക്കിയില്ല. പഞ്ചായത്തിലുടനീളം ഭൂരിഭാഗം തെരുവുവിളക്കുകളും പ്രവർത്തനരഹിതമാണ്. കൃഷിക്കായി ആശ്രയിക്കുന്ന കുളങ്ങളുടെ നവീകരണവും നടത്തിയില്ല. മര്യാപുരം പെരുംകുളം മണ്ണെടുക്കൽ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവും ശക്തം. പഞ്ചായത്ത് വിഹിതം അനുവദിക്കാതെ ലൈഫ്മിഷൻ പദ്ധതിയും അട്ടിമറിച്ചു. പൊതുശ്മശാനം നടപ്പാക്കാത്തതും വട്ടവിള കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതും ഹരിതകർമസേന സമാഹരിച്ച യൂസർ ഫീ തുകയിൽനിന്ന് ടൂർ ധൂർത്ത് നടത്തിയതും ഉൾപ്പെടെ പഞ്ചായത്തിന്റെ കെടുംകാര്യസ്ഥത ജനങ്ങൾക്കിടയിൽ ചർച്ചയാണ്.








0 comments