ബിഎസ്‌എൻഎൽ ജീവനക്കാരന് മർദനം; ഒരാൾകൂടി അറസ്റ്റിൽ

വഞ്ചിയൂർ
കാർ വഴിയിൽ തടസ്സമായിട്ടത് മാറ്റാൻ ഹോണടിച്ച ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ രാജേഷ് കുമാറിനെയും മകൻ അഭിനവിനെയും മർദിച്ച ഒരാൾകൂടി അറസ്റ്റിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത വട്ടിയൂർക്കാവ് സ്വദേശി സതീഷ് കുമാറിനെയാണ് (മരുതൻകുഴി അമ്പിളി– 46) വഞ്ചിയൂർ പൊലീസ് പിടികൂടിയത്. ഇയാൾ അഞ്ച് കേസി ൽ പ്രതിയും വട്ടിയൂർക്കാവ് സ്റ്റേ ഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമാണ്. വെള്ളി രാത്രിയാണ് കൈതമുക്ക് -–പുന്നപുരം റോഡിൽവച്ച് രാജേഷിനെയും മകനെയും സംഘം ചേർന്ന് മർദിച്ചത്. ഗുണ്ടാ നേതാവ് തകരപ്പറമ്പ് കുട്ടന്റെ (ശ്യാംകുമാർ) നേതൃത്വത്തിലായിരുന്നു മർദനം. രാജേഷിന്റെ വിരലുകൾ പൊട്ടുകയും മകന്റെ തോൾക്കുഴ തെറ്റുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. മാധ്യമ വാർത്തകളെ തുടർന്ന് മുഖ്യപ്രതിയായ തകരപ്പറമ്പ് കുട്ടൻ, പ്രതികളെ രക്ഷിക്കാനും ആൾമാറാട്ടം നടത്താനും സഹായിച്ച മാരായമുട്ടം സ്വദേശി അഖിൽ (പ്ലാച്ചി– 39) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായും ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവർക്കായും അന്വേഷണം തുടരുകയാണ്. രാജേഷ് കുമാറിനെയും കുടുംബത്തെയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി സന്ദർശിച്ചു.










0 comments