വധശ്രമത്തിന് ഒളിവിലായിരുന്ന ബിജെപി കൗൺസിലർ പിടിയിൽ

സുഗതനെ ജനറൽ ആശുപത്രിയിൽ വെെദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Jun 10, 2026, 01:01 AM | 1 min read
തിരുവനന്തപുരം
വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ പിടിയിൽ. നാടകീയ രംഗങ്ങൾക്കൊടുവിൽ സാഹസികമായാണ് ബിജെപി കൗൺസിലറെ പിടികൂടിയത്. അറസ്റ്റിനിടെ പൊലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു. ഒരു മാസത്തിലേറെ ഒളിവിലായിരുന്ന സുഗതൻ ചൊവ്വ രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനായി എത്തിയെങ്കിലും ബിജെപി പ്രവർത്തകർ വളഞ്ഞു. എസ്എച്ച്‌ഒ ആകാശത്തേക്ക് വെടിയുതിർത്തതോടെ ബിജെപിക്കാർ നാലുപാടും ചിതറിഓടി. തുടർന്നായിരുന്നു അറസ്റ്റ്. മാർച്ച് 22ന് കടയിൽ മുടമ്പ് ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെ വെള്ളെക്കടവിൽവച്ച് പുളിയറക്കോണം കുളുമല സ്വദേശി പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുഗതൻ ഒളിവിൽ പോയത്. സ്റ്റേഷനിൽ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം സുഗതനെ വൻ പൊലീസ് സന്നാഹത്തിന്റെ അകന്പടിയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. കാപ്പ കേസ് പ്രതിയായ സുഗതൻ കൗൺസിലറായതിനുശേഷം വാർഡ് ആർഎസ്എസ് ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു. വട്ടിയൂർക്കാവ് മലമുകളിൽ ആർഎസ്എസ് നടത്തിയ ആക്രമണത്തിന് വിവിധ പ്രദേശങ്ങളിൽനിന്ന് ഗുണ്ടകളെ എത്തിച്ചതും സുഗതനാണ്.










0 comments