വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം
ഏറ്റെടുത്ത വസ്തുവിലെ നിർമിതികൾ പൊളിച്ചുതുടങ്ങി

വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിനായി ഏറ്റെടുത്ത വസ്തുവിലെ നിർമിതികൾ പൊളിക്കുന്നതിന് വി കെ പ്രശാന്ത് എംഎൽഎ തുടക്കമിടുന്നു

സ്വന്തം ലേഖകൻ
Published on Jan 17, 2025, 01:22 AM | 1 min read
തിരുവനന്തപുരം
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജങ്‌ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. പദ്ധതിയുടെ ഒന്നാം റീച്ചായ ശാസ്തമംഗലം – മണ്ണറക്കോണം റോഡിലാണ് പൊളിക്കൽ ആരംഭിച്ചത്. 3.7 കീമീ ദൂരമുള്ള ഒന്നാം റീച്ചിൽ 487 നിർമിതികളാണുള്ളത്. റോഡിന്റെ ഇരുവശങ്ങളും വെവേറെയാണ് ടെൻഡർ ചെയ്തത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപറേഷൻ ലിമിറ്റഡ് മുഖേനയാണ് പൊളിക്കലിനുള്ള ടെൻഡർ നടപ്പാക്കിയത്. കോടതിയിൽ കേസ് നിലനിൽക്കുന്ന 11 എണ്ണം ഒഴികെ 476 നിർമിതികൾ പൊളിക്കും. രേഖകൾ കൈമാറി നഷ്ടപരിഹാരം കൈപ്പറ്റിയ 355 നിർമിതികൾ പൊളിച്ചുനീക്കുന്നതിനാണ് ആദ്യഘട്ടത്തിൽ കരാർ നൽകിയിരിക്കുന്നത്. വലതുവശത്തെ കരാർ എടുത്ത അൽജസീറ ഫർണിച്ചർ ആൻഡ് സ്ക്രാപ്പ് ഡീലേഴ്സ് എന്ന സ്ഥാപനമാണ് പ്രവൃത്തി തുടങ്ങിയത്. വി കെ പ്രശാന്ത് എംഎൽഎ നേതൃത്വം നൽകി. ഇടതുവശത്തെ നിർമിതികൾ പൊളിക്കുന്നതിന് എസ്എൻഎസ് ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് എന്ന സ്ഥാപനം 10,10,001- രൂപയ്ക്ക് കരാർ സമർപ്പിച്ചിട്ടുണ്ട്. 2 മാസം കൊണ്ട് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കാൻ കഴിയുമെന്ന് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. പൊളിച്ചുനീക്കുന്ന പ്രവൃത്തിക്ക് കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബിനു, അസിസ്റ്റന്റ് എൻജിനിയർ വിജേഷ് എന്നിവർ മേൽനോട്ടം വഹിച്ചു.
Related News

0 comments