പ്ലസ് വൺ പ്രവേശനം ആരംഭിച്ചു
178 ഹയർ സെക്കൻഡറി സ്കൂൾ; 41,001 സീറ്റ്

മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പ് ഡെസ്ക് സേവനം വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
Published on May 15, 2025, 12:46 AM | 1 min read
തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനം നേടാൻ ജില്ലയിൽ ഉള്ളത് 178 ഹയർ സെക്കൻഡറി സ്കൂൾ. ഈ സ്‌കൂളുകളിലായി 41,001 സീറ്റുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 37,671ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 3330 സീറ്റുമുണ്ട്. പുറമെ ഐടിഐയിൽ 8009ഉം പോളിടെക്നിക്കിൽ 1070 പേർക്കും പ്രവേശനം ലഭിക്കും. ഇതുകൂടി ചേർക്കുമ്പോൾ ഉപരിപഠനത്തിന് 50,080 സീറ്റ് തലസ്ഥാനത്തുണ്ടാകും. ഇത്തവണ 33,831 പേരാണ് ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ചത്. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ ദിനം പകൽ അഞ്ചുവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച 7542 പേരിൽ 5990 പേർ അപേക്ഷിച്ചു. പ്ലസ് വൺ പ്രവേശനം ആരംഭിച്ച പശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിരുന്നു. ആശയക്കുഴപ്പം ഉണ്ടാകുന്ന പക്ഷം അധ്യാപകരിൽനിന്ന് സഹായം ലഭ്യമാക്കും. സ്കൂളുകളിൽ മികച്ച രീതിയിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
0 comments