തൂതപ്പുഴയോരത്ത് വർണപ്പൂരം

തൂത ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിൽനിന്ന്
തൂത
തൂതപ്പുഴയോരത്ത് വർണക്കാഴ്ചകൾ നിറച്ച തൂത ഭഗവതി ക്ഷേത്രത്തിലെ പൂരം ആവേശത്തിമർപ്പിൽ ആഘോഷിച്ചു. വള്ളുവനാടൻ പൂര നാളുകൾക്ക് ഇതോടെ സമാപനം. അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ പതിനായിരങ്ങളെത്തി. ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകളിലെ വിവിധ ആഘോഷ സമിതികളുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ പൂരവിസ്മയത്തിൽ നാടിന്റെ ആവേശവും ആഹ്ലാദവും ഒത്തുചേർന്നു. ദേശത്തിന്റെ കരുത്തും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു ചെറുപൂരങ്ങളും നാടൻകലാരൂപങ്ങളും. പൂരപ്പറമ്പിൽ കാത്തുനിന്നവർക്കിടയിലേക്ക് വൈകിട്ടോടെ ദേശപ്പൂരങ്ങൾ എത്തിയപ്പോൾ ‘എ’ വിഭാഗം കിഴക്കും ‘ബി’ വിഭാഗം പടിഞ്ഞാറുമായി സ്ഥാനമുറപ്പിച്ചു. ഭഗവതിയുടെ തിടമ്പേന്തി എറണാകുളം ശിവകുമാർ ഇരുവിഭാഗത്തിന്റെയും നടുവിൽ വടക്കോട്ടഭിമുഖമായി നിന്നതോടെ പഞ്ചവാദ്യത്തിന്റെ പെരുമഴ. പഞ്ചവാദ്യത്തിന്റെ താളലയങ്ങൾക്കനുസരിച്ച് ആനപ്പുറമേറിയ ആലവട്ടവും വെഞ്ചാമരവും വാനിൽ പലതവണ ഉയർന്നുപൊങ്ങി. ക്ഷേത്രനടയിൽ പഞ്ചവാദ്യപ്പെരുമഴ തോർന്നപ്പോൾ നാഗത്തറമേളമായി. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറിലേറെ കലാകാരന്മാർ മേളം നയിച്ചു. കൊട്ടിന്റെ ചടുലതയിലും സംഗീതത്തിലും സ്വയംമറന്ന്, മനം നിറഞ്ഞ് ആസ്വാദകർ. ഇതോടെ ‘എ’, ‘ബി’ വിഭാഗങ്ങളുടെ മത്സര ബുദ്ധിയോടെയുള്ള കുടമാറ്റം തുടങ്ങി. ഓരോ വിഭാഗവും ഓരോ നിറത്തിലുള്ള കുടകൾ ഉയർത്തുമ്പോൾ ആർപ്പുവിളികളോടെ ആനന്ദനൃത്തം ചവിട്ടി. എഴുന്നള്ളിപ്പുകൾ സന്ധ്യയോടെ ക്രമാനുസൃതം കാവിറങ്ങിയതോടെ സമാപനം. ബുധൻ രാവിലെ പൂരപ്പറമ്പിൽ ചവിട്ടുകളിയും രാമായണം തോൽപ്പാവക്കൂത്തിനും സമാപനമാകും. പാക്കനാർ വേലവരവിനുശേഷം ഭഗവതിയെ ആറാടി കുടിയിരുത്തുന്നതോടെയാണ് കൊടിയിറക്കം.
0 comments