നാട് തൊട്ടറിഞ്ഞു കേരളമുന്നേറ്റം

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേള സമാപനം പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
മലപ്പുറം
ആയിരക്കണക്കിന് ജനങ്ങൾ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടും കേട്ടുമറിഞ്ഞ എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്നിലാണ് മേള സംഘടിപ്പിച്ചത്. സമാപന സമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്കുവേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും നമുക്ക് ഒരുപാട് മുന്നേറാനുണ്ടെന്നും അതിന് കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു. കലക്ടർ വി ആർ വിനോദ് അധ്യക്ഷനായി. എഎസ്‌പി ഫിറോസ് എം ഷഫീഖ്, എഡിഎം എൻ എം മെഹറലി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ ദിനേശ് എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് സ്വാഗതവും പിആർഡി അസി. എഡിറ്റർ ഐ ആർ പ്രസാദ് നന്ദിയും പറഞ്ഞു. മികച്ച സ്റ്റാളുകൾക്കും മാധ്യമപ്രവർത്തകർക്കും പരിപാടിയുടെ പ്രചാരാർഥം നടത്തിയ സെൽഫി, -റീൽസ് മത്സര വിജയികൾക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണംചെയ്തു. മേളയുടെ ഭാഗമായി സെമിനാറുകളും ക്ലാസുകളും കലാപരിപാടികളും അരങ്ങേറി. മേളയുടെ അവസാന ദിവസമായ ചൊവ്വാഴ്‌ച വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ബാങ്കേഴ്‌സ് മീറ്റ് നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാറും നടന്നു. സമാപന ചടങ്ങിനുശേഷം പ്രസീത ചാലക്കുടിയും സംഘവും നടത്തിയ മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.
0 comments