കൂരിയാട് ദേശീയപാത തകർന്നിട്ട് ഒരുമാസം
മഴ തടസ്സം; സർവീസ് റോഡ് തുറക്കാനായില്ല

കൂരിയാട് തകർന്ന ആറുവരിപ്പാതയിലെ മണ്ണ് നീക്കുന്നു
വേങ്ങര
നിർമാണം നടക്കുന്നതിന്നിടെ കൂരിയാട്ടെ ആറുവരിപ്പാത തകർന്ന് സർവീസ് റോഡിലേക്കുവീണിട്ട് ഒരുമാസം പിന്നിടുന്നു. സംഭവശേഷം അടച്ചിട്ട സർവീസ് റോഡ് ഇതുവരെ തുറന്നുകൊടുക്കാനായില്ല. പ്രതികൂല കാലാവസ്ഥയാണ് തടസ്സം. മണ്ണുമാറ്റൽ ആരംഭിച്ച് മൂന്നാഴ്ചപിന്നിട്ടിട്ടും തകര്‍ന്ന പാതയുടെ കാല്‍ഭാഗം മണ്ണുപോലും ഇതുവരെ നീക്കംചെയ്യാൻ കഴിഞ്ഞിട്ടില്ല. പുതിയ പ്രൊജക്ട് ഡയറക്ടര്‍ ഇതുവരെ ചുമതലയേല്‍ക്കാത്തതും പ്രവൃത്തി വൈകാന്‍ കാരണമാകുന്നുണ്ട്. വീഴ്ച ചൂണ്ടിക്കാട്ടി പ്രൊജക്ട് ഡയറക്ടറായിരുന്ന അൻഷിൽ ശർമയെ ഉപരിതല ഗതാഗത വകുപ്പ് സസ്പെൻഡുചെയ്തിരുന്നു. സർവീസ് റോഡ് തുറന്നാൽ ഉയർത്തിക്കെട്ടിയ ആറുവരിപ്പാതയിലെ മണ്ണും കട്ടകളും സുരക്ഷിതമായി നീക്കംചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രവൃത്തി വേഗത്തില്‍തീര്‍ത്ത് പൊതുജനങ്ങളുടെ യാത്ര സുഗമമാക്കാനാണ് ശ്രമമെന്നും ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കി. മെയ് 19ന് പാത തകർന്നതിനെ തുടർന്ന് വിദഗ്ധർ സ്ഥലം സന്ദർശിച്ചിരുന്നു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്നും മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതി കണ്ടെത്തി. തകർന്ന ഭാഗത്ത് നിർമാണ കമ്പനി സ്വന്തം ചെലവിൽ വയഡറ്റ് നിർമിക്കാനും തീരുമാനിച്ചു. കൂരിയാട് പാതയിൽ ഗതാഗതം നിലച്ചതോടെ തൃശൂർ–--കോഴിക്കോട് റൂട്ടിൽ യാത്രയ്‌ക്ക് കക്കാട് -തിരൂരങ്ങാടി -മമ്പുറം - വികെ പടി റോഡാണ് ഉപയോഗിക്കുന്നത്. വാഹനത്തിരക്ക് കാരണം ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
0 comments