രുചിക്കൊപ്പം കളിയോർമയെത്തുന്ന ‘പവലിയൻ’

പവലിയന്‍ ഹോട്ടലിനുള്ളില്‍ ഉടമ കിളിയമണ്ണില്‍ അജ്മല്‍. പിറകില്‍ ചുവരില്‍ സ്പോര്‍ട്സ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു
മലപ്പുറം
മസാലദോശയുടെ രുചി നാവിൽ പടരുന്പോഴേക്കും ചുവരിലെ ഫ്രെയിമുകൾ നമ്മെ കൊണ്ടെത്തിക്കുക ലോക കായിക ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കാണ്. ചായക്കും പലഹാരങ്ങള്‍ക്കുമൊപ്പം നിറയെ കളിയോര്‍മകള്‍ സമ്മാനിക്കുകയാണ് മലപ്പുറത്തെ "പവലിയന്‍' ഹോട്ടല്‍. ഫുട്ബോളും ക്രിക്കറ്റും ഉള്‍പ്പെടെ കായികയിനങ്ങളുടെ ചരിത്രം ഇവിടുത്തെ ചുവരുകളിൽ നിറച്ചത് ഹോട്ടൽ ഉടമ താമരക്കുഴിയിലെ കിളിയമണ്ണില്‍ അജ്മലാണ്. പഴയകാല ലോകകപ്പ് പോരാട്ടങ്ങളുടെ നേര്‍ചിത്രങ്ങളാണ് ആദ്യം കാണുക. 1970 ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ ബ്രസീലിയന്‍ ഇതിഹാസം പെലെ ഗോള്‍നേടിയപ്പോഴുള്ള ആഹ്ലാദം, 1986ല്‍ ലോകകപ്പ് ട്രോഫിയുമായി അര്‍ജന്റീന ക്യാപ്റ്റന്‍ മറഡോണ, 2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍ ഇറ്റലിയുടെ മാര്‍ക്കോ മെറ്റരാസിയെ തലകൊണ്ട് കുത്തിവീഴ്‌ത്തുന്ന ചിത്രം, 1983 ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീം, 2011 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച എം എസ് ധോണിയുടെ ഷോട്ട്, ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര, ഫോര്‍മുല വണ്‍ കാര്‍ റെയ്‌സിങ് തുടങ്ങിയവ ചിലതുമാത്രം. മലപ്പുറത്തിന്റെ കായികചരിത്രവുമുണ്ടിവിടെ. ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന ടൈറ്റാനിയം താരം മലപ്പുറം മൊയ്തീന്‍കുട്ടി, മോഹന്‍ ബഗാനും മുഹമ്മദ് സ്പോര്‍ട്ടിങ്ങിനുംവേണ്ടി പന്തുതട്ടിയ മലപ്പുറം അസീസ്, ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ കളിച്ച മലപ്പുറം ആലിക്കുട്ടി, പ്രഥമ ചാക്കോളാസ് ട്രോഫി ജേതാക്കളായ മൊയ്ദു റബ്ബര്‍ എസ്റ്റേറ്റ് ഫുട്ബോള്‍ ക്ലബ് ടീം എന്നിവരുടെ ചിത്രമുണ്ട്. 2012ലാണ് അജ്മല്‍ ഹോട്ടല്‍ ആരംഭിക്കുന്നത്. ക്രിക്കറ്റിനോടുള്ള ഇഷ്ടംകാരണമാണ് "പവലിയന്‍' എന്ന് പേരിട്ടത്. 1978ല്‍ മലപ്പുറം കേന്ദ്രമായി രൂപീകരിച്ച ലോര്‍ഡ്സ് ക്രിക്കറ്റ് ടീമിന്റെ പ്രഥമ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. ബാപ്പ കിളിയമണ്ണില്‍ മൊയ്ദു ഹാജി ഫുട്ബോള്‍ ആരാധകനായിരുന്നു. മൊയ്ദു റബ്ബര്‍ എസ്റ്റേറ്റ് ഫുട്ബോള്‍ ക്ലബ് തുടങ്ങിയത് അദ്ദേഹമാണ്. കോട്ടപ്പടിയിലെ ബ്രിട്ടീഷുകാരുടെ കവാത്തുപറമ്പില്‍ ഫുട്ബോള്‍ കളിക്കാന്‍ സൗകര്യമൊരുക്കിയത് കിളിയമണ്ണില്‍ തറവാട്ടുകാരായിരുന്നു. അവിടെയാണ് ഇന്നത്തെ കോട്ടപ്പടി സ്റ്റേഡിയമുള്ളത്.










0 comments