കൊണ്ടോട്ടി നേർച്ച
ആഘോഷമായി പെട്ടിവരവുകൾ

കൊണ്ടോട്ടി നേർച്ചയോടനുബന്ധിച്ച് തുറക്കലിൽ നിന്ന് ആരംഭിച്ച പെട്ടിവരവ്
കൊണ്ടോട്ടി
കൊണ്ടോട്ടി നേർച്ചയുടെ മൂന്നാംദിനത്തിൽ ചെറുതും വലുതുമായ പത്തോളം പെട്ടിവരവുകൾ കുബ്ബയിലെത്തി. തുറക്കൽ, മണ്ണാരിൽ, ചുങ്കം, കൊട്ടുക്കര, നയാബസാർ, മുണ്ടക്കുളം, ചെരിച്ചങ്ങാടി, മുസ്ലിയാരങ്ങാടി, എട്ടുത്തറ, മോങ്ങം എന്നിവിടങ്ങളിൽനിന്നായിരുന്നു പ്രധാന പെട്ടിവരവ്. കലാരൂപങ്ങളും കരിമരുന്ന് പ്രയോഗവുമുണ്ടായി. ആയിരങ്ങളാണ് പെട്ടിവരവുകൾ കാണാനും കുബ്ബയിലെ ചടങ്ങുകളിൽ പങ്കെടുക്കാനുമെത്തിയത്. കൊണ്ടോട്ടിയിലെത്തിയ പെട്ടിവരവുകളെ തങ്ങളുടെ പ്രതിനിധി കുതിരപ്പുറത്തെത്തി സ്വീകരിച്ചു. കൊണ്ടോട്ടി നേർച്ച തുടങ്ങുന്നതും സമാപിക്കുന്നതും കുബ്ബയിൽ ഹസ്രത് മുഹമ്മദ് ഷാഹ് തങ്ങളുടെ മഖ്ബറയിലെ പ്രത്യേക പ്രാർഥനയോടെയാണ്. പെട്ടിവരവുകൾ ഇവിടെ കാണിക്കവച്ചു. പെട്ടിവരവുകളിൽ അറബന, ദഫ്മുട്ട്, കോൽക്കളി, ഷഹനായി വാദനം എന്നിവയുണ്ടായി. ബുധനാഴ്‌ചയും നിരവധി പെട്ടിവരവുകൾ കൊണ്ടോട്ടിയിലെത്തും. സ്വാമിമഠക്കാരുടെ പെട്ടിവരവോടെ വ്യാഴാഴ്ച നേർച്ച സമാപിക്കും. ചന്ദനമെടുക്കൽ കർമവും നടക്കും. കുബ്ബയിൽ സമാധാന ചിഹ്നമായ വെള്ളക്കൊടി പാറിക്കും. ലോകസമാധാനത്തിനായി പ്രാർഥന നടക്കും. മുഗൾ പലഹാരമായ മരീദ വിതരണംചെയ്യും.
0 comments