താനാളൂരിലെ കുടുംബശ്രീ ഓഫീസിൽ മുസ്ലിംലീഗ് ആക്രമണം


സ്വന്തം ലേഖകൻ
Published on May 15, 2025, 12:15 AM | 1 min read
താനൂർ
സമരത്തിന്റെ പേരിൽ താനാളൂർ പഞ്ചായത്ത് കുടുംബശ്രീ ഓഫീസിൽ മുസ്ലിംലീഗ് ആക്രമണം. സിഡിഎസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, അക്കൗണ്ടന്റ് എന്നിവർക്ക് പരിക്കേറ്റു. ബുധൻ രാവിലെ പത്തരയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാംനിലയിലുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസിലാണ് പഞ്ചായത്ത് അംഗങ്ങളായ ചാത്തേരി സുലൈമാൻ, തെയ്യമ്പാടി കുഞ്ഞിപ്പ, പ്രവർത്തകനായ കോറോത്ത് ജാബിർ എന്നിവരുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് അക്രമിസംഘം അഴിഞ്ഞാടിയത്. മുൻ അക്കൗണ്ടന്റ് അഴിമതി നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. കുടുംബശ്രീ ഓഫീസിൽനിന്ന് നിങ്ങളെയൊക്കെ ഇറക്കിവിട്ട് ചാണകവെള്ളം തളിക്കണമെന്ന് ലീഗ് പ്രവർത്തകർ ആക്രോശിച്ചു. പഞ്ചായത്ത് അംഗമായ ചാത്തേരി സുലൈമാൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണായ എം സൗമിനിയെ ചവിട്ടിത്താഴെയിട്ടു. സാരിയിൽ പിടിച്ചുവലിക്കുകയുംചെയ്തു. വൈസ് ചെയർപേഴ്സൺ ടി സുലൈഖയെ കൊടികെട്ടിയ വടികൊണ്ട് തലയ്ക്കടിച്ചു. തെയ്യമ്പാടി കുഞ്ഞിപ്പ അടികൊണ്ടുവീണ സുലൈഖയുടെ മുടിയിൽ പിടിച്ചുവലിക്കുകയുംചെയ്തു. അക്കൗണ്ടന്റായ മേറിൽ ദിവ്യയെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അഭസ്യം പറഞ്ഞു. ഓഫീസിലെ കംപ്യൂട്ടർ തകർക്കുകയും ഫയലുകൾ വാരിവലിച്ച് എറിയുകയുംചെയ്തു. പരിക്കേറ്റ എം സൗമിനി, ടി സുലൈഖ, മേറിൽ ദിവ്യ എന്നിവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഓഫീസിൽ അതിക്രമിച്ചുകയറി സ്ത്രീത്വത്തെ അപമാനിച്ച മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഡിഎസ് ചെയർപേഴ്സൺ താനൂർ പൊലീസിൽ പരാതി നൽകി.
0 comments