നമ്മൾ സ്‌മാർട്ട്

മലപ്പുറം സിവില്‍ സപ്ലൈ ഓഫീസ്

സ്വന്തം ലേഖകൻ
Published on Apr 29, 2025, 12:50 AM | 1 min read
കഴിഞ്ഞ ഒമ്പതുവർഷം സർക്കാർ ഓഫീസുകളുടെ മുഖംമാറിയ കാലംകൂടിയാണ്. വില്ലേജ് ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങൾ, പൊലീസ് സ്‌റ്റേഷൻ, രജിസ്‌ട്രാർ ഓഫീസ് തുടങ്ങി ജനങ്ങൾ നിത്യവും എത്തുന്ന ഓഫീസുകൾക്കെല്ലാം പുതിയ കെട്ടിടമായി. ഒപ്പം സ്‌മാർട്ട് സേവനങ്ങൾ കൂടിയായതോടെ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യവും മാറി
മലപ്പുറം
അഞ്ച് വർഷംമുമ്പ് നിലമ്പൂരിലുള്ള ഒരാൾ സബ് ട്രഷറിയിലും ഐടിഡിപി ഓഫീസിലും പോകണമായിരുന്നെങ്കിൽ രണ്ട് സ്ഥലത്തേക്ക് പോകണമായിരുന്നു. ഇന്നതല്ല സ്ഥിതി, നേരെ വെളിയന്തോട് ഗവ. ഐടിഐക്ക് സമീപത്തെ മിനി സിവിൽ സ്‌റ്റേഷനിലേക്ക് പോയാൽ മതി. സബ് ട്രഷറി, ഐടിഡിപി മാത്രമല്ല 14ൽ അധികം സർക്കാർ ഓഫീസുകൾ ഇന്നിവിടെയാണ് പ്രവർത്തിക്കുന്നത്.
നിലമ്പൂർ മിനി സിവിൽ സ്‌റ്റേഷൻപോലെ നിരവധി സർക്കാർ ഓഫീസുകൾക്കാണ് എൽഡിഎഫ് ഭരണത്തിൽ പുതിയ കെട്ടിടം ഉയർന്നത്. സാധാരണക്കാർ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകൾമുതൽ മിനി സിവിൽ സ്‌റ്റേഷനുകൾവരെ മുഖംമാറി.
പലയിടത്തും ചിതറിക്കിടന്ന സർക്കാർ ഓഫീസുകൾ മിനി സിവിൽ സ്‌റ്റേഷനുകൾ നിർമിച്ച് ഒറ്റക്കെട്ടിടത്തിലേക്ക് മാറ്റിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.
ജില്ലാ പ്ലാനിങ് സമുച്ചയം
മലപ്പുറം സിവിൽ സ്‌റ്റേഷനിൽ 11.04 കോടി ചെലവിൽ നാലുനിലയിലാണ് ജില്ലാ പ്ലാനിങ് സമുച്ചയം നിർമിച്ചത്. ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ നഗരാസൂത്രണ ഓഫീസ്, ഇക്കണോമിക്‌സ് ആൻഡ് സ്‌റ്റാറ്റിറ്റിക്‌സ്, ഹരിത കേരള മിഷൻ തുടങ്ങിയ ഓഫീസുകൾ ഈ സമുച്ചയത്തിലാണ്. കോൺഫറൻസ് ഹാൾ സൗകര്യവുമുണ്ട്.
സൈബര്‍ പൊലീസിന് പുതിയ കെട്ടിടം
മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിച്ചു. 2.06 കോടി രൂപ ചെലവഴിച്ച് എസ്‍പി ഓഫീസ് കോമ്പൗണ്ടിലാണ് മൂന്നുനിലയിൽ പുതിയ കെട്ടിടം നിർമിച്ചത്. 2022–23 വർഷത്തെ സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. 2269 ചതുരശ്ര അടി വിസ്തീർണത്തിലാണ് താഴത്തെ നില.
ഒന്നാംനിലയിൽ അന്വേഷണമുറിയും തൊണ്ടിമുറിയുമാണ്. രണ്ടാംനിലയിൽ കോണ്‍ഫറൻസ് ഹാളും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറിയുമുണ്ട്.
0 comments