വിസ്മയ–വിജ്ഞാന കാഴ്ചകളുമായി ശാസ്ത്രയാന്‍

ശാസ്ത്രയാന്‍ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഡോ. ജിജു പി അലക്‌സ് ഡോ. ബി ആർ അംബേദ്‌കർ ചിത്രങ്ങളുടെ പ്രദർശനം കാണുന്നു

സ്വന്തം ലേഖകൻ
Published on Jan 17, 2025, 01:41 AM | 1 min read
തേഞ്ഞിപ്പലം
വിജ്ഞാനവും വിനോദവും പകരുന്ന കൗതുക കാഴ്ചകളുമായി കലിക്കറ്റ് സര്‍വകലാശാലയിലെ ശാസ്ത്രയാന്‍ പ്രദര്‍ശനം. സര്‍വകലാശാലാ പഠനവകുപ്പുകളുടേതും പുറത്തുനിന്നുമുള്ള ഗവേഷണ സ്ഥാപനങ്ങളുടേതുമായി 65 സ്റ്റാളുകളുണ്ട്. കേരള വനഗവേഷണ കേന്ദ്രം, സിഡബ്ല്യുആര്‍ഡിഎം, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ തൃശൂര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ജന്തുശാസ്ത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അലങ്കാരപ്പക്ഷികളുമായി എവി കള്‍ച്ചര്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ഒരുക്കിയ സ്റ്റാളില്‍ വളര്‍ത്തുന്ന ഉരഗമായ ഇഗ്വാനയും തെക്കേ അമേരിക്കന്‍ പക്ഷി ഇനമായ മക്കാവുവും കാഴ്ചയുടെ പുതുമയാകുന്നു. ജലസസ്യങ്ങളുടെ വൈവിധ്യവുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ജൈവവൈവിധ്യ ഫോട്ടോകളുമായി വള്ളിക്കുന്ന് പഞ്ചായത്തും കടലുണ്ടി കമ്യൂണിറ്റി റിസര്‍വും പവിലിയനിലുണ്ട്. സയന്‍സ് ബ്ലോക്ക്, ഭരണകാര്യാലയത്തിന് പിന്‍വശം, കാന്റീന്‍ പരിസരം എന്നിവിടങ്ങളിലാണ് സ്റ്റാളുകള്‍. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള പ്രദര്‍ശനം സൗജന്യം.
വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ് അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ജിജു പി അലക്‌സ് മുഖ്യാതിഥിയായി. സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ പവിലിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, അഡ്വ. പി കെ ഖലിമുദ്ദീൻ, ഡോ. പി റഷീദ് അഹമ്മദ്, എ കെ അനുരാജ്, ഡോ. കെ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. ഐക്യുഎസി ഡയറക്ടർ ഡോ. അബ്രഹാം ജോസഫ് സ്വാഗതവും ശാസ്ത്രയാന്‍ കോ–-ഓര്‍ഡിനേറ്റര്‍ ഡോ. സി സി ഹരിലാല്‍ നന്ദിയും പറഞ്ഞു. വൈകിട്ട് സ്റ്റുഡന്റ്‌സ് ട്രാപ്പിൽ "ഡിജിറ്റല്‍ കാലത്തെ ശാസ്ത്രവും സമൂഹവും' വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടന്നു. സിൻഡിക്കറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ മോഡറേറ്ററായി. സർവകലാശാലാ ചരിത്ര പഠന വകുപ്പ് മുൻ മേധാവി ഡോ. കെ ഗോപാലൻകുട്ടി, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. കെ എം അനിൽ, ഡോ. സംഗീത ചേനംപുല്ലി, ഡോ. പി വിവേക് എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
Related News

0 comments