പന്തുരുളും സ്വപ്‌നങ്ങളിലേക്ക്

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന മൈതാനത്തെ അവസാനഘട്ട മിനുക്കുപണികള്‍

എം സനോജ്
Published on Jan 23, 2025, 01:45 AM | 1 min read
നിലമ്പൂര്‍
കായിക താരങ്ങളാൽ സമ്പന്നമാണ് നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ. ഗെയിംസ്, അത്‌ലറ്റിക് ഇനങ്ങളില്‍ ദേശീയതലത്തില്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി പലരുടെയും കായിക സ്വപ്‌നങ്ങൾക്ക് വിരാമമിട്ടു. പലരും പാതിവഴിയില്‍ കായികരംഗം ഉപേക്ഷിച്ചു. ഇതിന് അറുതിവരുത്താനുള്ള പോരാട്ടത്തിലാണ് സ്‌കൂൾ അധികൃതർ. അധ്യാപകരും പിടിഎ, എസ്എംസി, പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന് ജനകീയ കൂട്ടായ്മയിലൂടെ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനായി മിനി സെവന്‍സ് ഫുട്ബോള്‍ മേളയും ഒരുക്കി. സ്കൂളിന്റെ സ്ഥലം ഫുട്ബോള്‍ ഗ്രൗണ്ടാക്കി നിലമ്പൂര്‍ മേഖലയിലെ പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ മിനി സെവന്‍സ് ഫുട്ബോള്‍ മേള. വരുമാനം സ്‌കൂളിന്റെ കായികമേഖലയ്ക്ക് ചെലവഴിക്കും. ബുധൻ വൈകിട്ട് ടൂർണമെന്റിന് കിക്കോഫായി. മുൻ ഇന്ത്യൻ താരം ഹബീബ് റഹ്മാൻ ഉദ്ഘാടനംചെയ്‌തു. മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ഫിറോസ് കളത്തിങ്ങൽ മുഖ്യാതിഥിയായി. ടിക്കറ്റ് നിരക്കില്‍ ലഭിക്കുന്ന തുക സ്കൂളിലെ വിദ്യാര്‍ഥികളുടെ കായിക ഉന്നമനത്തിന് സ്കൂള്‍ അധികൃതര്‍ക്ക് കൈമാറും. നൂറുകണക്കിന് ദേശീയ, സംസ്ഥാന താരങ്ങള്‍ സ്കൂളില്‍നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മികവ് തെളിയിച്ച വിദ്യാലയമാണ് മാനവേദന്‍. കായിക അധ്യാപകന്‍ കെ ഷാഹിദിന്റെ നേതൃത്വത്തില്‍ പുതിയ താരങ്ങളെ വാർത്തെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്‌കൂൾ.
Related News

0 comments