കലിക്കറ്റ് ക്യാമ്പസിൽ എംഎസ്എഫ്–കെഎസ്‌യു അക്രമം
ഡിഎസ്‌യു ഓഫീസ് അടിച്ചുതകർത്തു

കെഎസ്‌യു–എംഎസ്എഫുകാർ അടിച്ചുതകർത്ത കലിക്കറ്റ് സർവകലാശാല ഡിഎസ്‌യു ഓഫീസിലെ കൂളർ

സ്വന്തം ലേഖകൻ
Published on Jan 17, 2025, 01:43 AM | 2 min read
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടുമെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസ് കെഎസ്‌യു–-- എംഎസ്എഫ് അക്രമികൾ അടിച്ചുതകർത്തു. വിദ്യാർഥിനികൾ ഉൾപ്പെടെ അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു.
ഡിഎസ്‌യു വൈസ് ചെയർമാൻ കെ കീർത്തന, അലേഖ് ആർ നാഥ്, ബി എസ് അക്ഷയ്, തീർത്ഥ സുനിൽ, നിഖിൽ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം. യുഡിഎസ്എഫ് നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന ‘കഫിൻ കാർണിവലി'ന്റെ മറവിലാണ് അക്രമികൾ ക്യാമ്പസിൽ തമ്പടിച്ചത്. യൂത്ത് ലീഗുകാരും സംഘത്തിലുണ്ടായിരുന്നു. മാരകായുധങ്ങളുമായാണ് ഇവർ അഴിഞ്ഞാടിയത്.
എസ്എഫ്ഐ സ്ഥാപിച്ച രക്തസാക്ഷികളുടെ ഛായാചിത്രങ്ങൾ തകർക്കാനും യുഡിഎസ്‌എഫുകാർ ശ്രമിച്ചു. ഇത് ചോദ്യംചെയ്‌ത എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഘം പിന്നാലെ ഡിഎസ്‌യു ഓഫീസും അടിച്ചുതകർക്കുകയായിരുന്നു. ഫർണിച്ചറുകൾ മുഴുവനായി നശിപ്പിച്ചു. വാട്ടർ കൂളറും തകർത്തു.
യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവംഗം പി കെ മുബഷിറിന്റെയും പി എ ജവാദിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കൂളർ തകർത്തതോടെ വിദ്യാർഥികൾക്ക് കുടിവെള്ളം മുട്ടി. വ്യാഴാഴ്ച മെൻസ് ഹോസ്റ്റലിലും എസ്എഫ്ഐക്കാരെ ആക്രമിക്കാൻ ശ്രമമുണ്ടായി.
11 യുഡിഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്
കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ 11 യുഡിഎസ്എഫുകാർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. പി കെ മുബഷിർ, ഹിജാസ് അഹമ്മദ്, പി എ ജവാദ്, എ സഫീർ, ഹമീൻ റഷീദ്, സലാഹുദ്ദീൻ, കബീർ മുതുപറമ്പ്, മുബഷിർ, മുസാഫിർ, ഫർഹാൻ, ഫായിസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡിഎസ്‌യു ഓഫീസ് അടിച്ചുതകർത്തതിൽ വിദ്യാർഥികൾ സർവകലാശാലാ രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. യുഡിഎസ്‌എഫുകാരുടെ പരാതിയിൽ 20 എസ്എഫ്ഐക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതിഷേധ സംഗമം നടത്തി
കലിക്കറ്റ് സർവകലാശാല ഡിഎസ്‌യു ഓഫീസ് യുഡിഎസ്‌എഫ്–-യൂത്ത് ലീഗ് അക്രമിസംഘം അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ജെ ഹരിരാമൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ശിഹാബ്, സംസ്ഥാന കമ്മിറ്റിയംഗം പി സാദിഖ് എന്നിവർ സംസാരിച്ചു. എ വി ലിനീഷ് സ്വാഗതവും കെ കീർത്തന നന്ദിയും പറഞ്ഞു.
Related News

0 comments