കുറുവിൽപാടത്തെ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും

മുഹമ്മദ് അർഷാഫ്

സ്വന്തം ലേഖകൻ
Published on Jan 19, 2025, 01:18 AM | 1 min read
വേങ്ങര
സന്തോഷ് ട്രോഫി ഫൈനലിൽ കേരളാ ടീമിന്റെ മിഡ്ഫീൽഡറായി തിളങ്ങിയ വേങ്ങര പറമ്പിൽപ്പടി സ്വദേശി മുഹമ്മദ് അർഷാഫ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പന്തുതട്ടും. ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി വേങ്ങര പറമ്പിൽപ്പടി സ്വദേശിയായ ഈ ഇരുപതുകാരൻ കരാര്‍ ഒപ്പുവച്ചു. കഴിഞ്ഞ 13ന് ഗുവാഹത്തിയിലാണ് ടീം മാനേജ്മെന്റുമായി ധാരണയിലായത്. രണ്ടരവർഷത്തേക്കാണ് കരാർ. 23ന് ടീമിന്റെ ഭാഗമാകും.
കെഎസ്എല്ലിൽ എമേർജിങ് താരത്തിനുള്ള പുരസ്കാരം നേടിയ അർഷാഫിനെ നോർത്ത് ഈസ്റ്റ് സഹപരിശീലകൻ നൗഷാദ് മൂസയാണ് ടീമിലേക്ക് അടുപ്പിച്ചത്. സന്തോഷ് ട്രോഫി ഫൈനലിൽ മുഹമ്മദ് അർഷാഫിന്റെ നീക്കങ്ങള്‍ നിർണായകമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ഫങ്ഷണൽ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർഥിയാണ്. കുറുവിൽപാടത്ത് പന്തുതട്ടി വളര്‍ന്ന അർഷാഫ് ചേറൂര്‍ സ്കോർലൈൻ അക്കാദമിയിലാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്.
ഒമ്പതാം ക്ലാസുമുതൽ ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസില്‍ കായികാധ്യാപകൻ കെ മൻസൂർ അലിയുടെ കീഴിൽ പരിശീലിച്ചു. പിന്നീട് സ്പോർട്സ് ക്വോട്ടയില്‍ ദേവഗിരി കോളേജിലെത്തി. കോളേജ് ടീമിന്റെ ഭാഗമായിരുന്ന അർഷാഫിന് രണ്ടാംവർഷം പറപ്പൂർ എഫ്‌സിക്കായി കളിക്കാൻ അവസരം ലഭിച്ചു. ഇതിലൂടെയാണ് സൂപ്പർ ലീഗിലേക്ക് പ്രവേശിച്ചത്. കലിക്കറ്റ് എഫ്‌സിയിലും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി ബൂട്ടുകെട്ടണമെന്നാണ് അര്‍ഷാഫിന്റെ ആഗ്രഹം. ബാപ്പ ആട്ടക്കുളയൻ അബ്ബാസിന്റെയും ഉമ്മ സുബൈദയുടെയും പിന്തുണയാണ് നേട്ടങ്ങള്‍ക്കുപിന്നിലെന്ന് അർഷാഫ് പറഞ്ഞു.
Related News

0 comments