കൊളപ്പുറത്ത് വൻ സ്‌പിരിറ്റ് വേട്ട
21,910 ലിറ്റര്‍ പിടികൂടി

കൊളപ്പുറത്ത് സ്‌പിരിറ്റുമായി പിടികൂടിയ ലോറി പൊലീസ് പരിശോധിക്കുന്നു
വേങ്ങര
ദേശീയപാതയിൽ കൊളപ്പുറത്ത് പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയ ലോറിയില്‍നിന്ന് 21,910 ലിറ്റര്‍ സ്‌പിരിറ്റ് കണ്ടെടുത്തു. ഡ്രൈവർ തമിഴ്നാട് സ്വദേശി അമ്പഴകൻ, ക്ലീനർ പാലക്കാട് സ്വദേശി ഫക്കീർ മൊയ്തീൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.
കർണാടകയിലെ ഗുൽബർഗില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന എഫ്‌എസ്‌ടി റോഡ്‌ലൈൻസ് എന്ന ലോറിയിൽനിന്നാണ് പാലക്കാട് പൊലീസ് ഡാൻസാഫ് സംഘവും തിരൂരങ്ങാടി പൊലീസും ചേര്‍ന്ന് സ്‌പിരിറ്റ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിൽ 35 ലിറ്ററിന്റെ 626 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചത്. ഉമിയും പഴയ കടലാസും നിറച്ച ചാക്കുകെട്ടുകൾക്കിടയിലായിരുന്നു കന്നാസുകൾ. മുകൾഭാഗം മറച്ചനിലയിലായിരുന്നു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറി കേരളത്തിലേക്ക് കടന്നതുമുതല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നീക്കം മനസ്സിലാക്കി ചൊവ്വ രാവിലെ 8.30ഓടെ കൊളപ്പുറത്ത് തടഞ്ഞു. മുഴുവന്‍ സ്പിരിറ്റും കസ്റ്റഡിയിലെടുക്കാനുള്ള നടപടി രാത്രി വൈകിയും പുരോഗമിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related News

0 comments